തിരുവനന്തപുരം: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ തുടക്കം. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന് ഭയമുള്ളതിനാലാണ്. അതിനു പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം ഇന്ദിര ഭാവനില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ആരാണ് ആര്‍.എസ്.എസിന്റെ പിന്തുണ തേടിയതെന്നും ആരാണ് അവരുടെ വോട്ട് കൊണ്ട് എം.എല്‍.എ ആയതെന്നും ചിന്തിക്കണം. ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് തലശേരിയില്‍ വര്‍ഗീയ കലാപത്തില്‍ പങ്കെടുത്തവരാണ് തന്നെ ആര്‍.എസ്.എസ് എന്ന് വിളിക്കുന്നത്. ആര്‍.എസ്.എസ് വോട്ട് വാങ്ങി എം.എല്‍.എ ആയ പിണറായി വിജയനാണോ താനാണോ ആര്‍.എസ്.എസ്. തങ്ങളെ ഒറ്റപ്പെടുത്തി തളര്‍ത്തിക്കളയാമെന്നാണ് കരുതുന്നതെങ്കില്‍ കടന്നുപോയ പലതിനെയും നേരിടേണ്ടിവരുമെന്ന് സി.പി.എമ്മിനെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. പള്ളിയേയും അമ്പലത്തേയൂം തള്ളിപ്പറഞ്ഞവര്‍ വോട്ടിനു വേണ്ടി അവയുടെ പിന്നാലെ നടക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പ്രവര്‍ത്തകരുടെ വലിയ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്ന് സുധാകരന്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടി. തോല്‍വി സ്വാഭാവികമാണ്. ഒത്തുപിടിച്ചാല്‍ തിരിച്ചുവരാം. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരിച്ചുവരണം.

തന്റെ കഴിവുകേടുകൊണ്ട് ഈ പാര്‍ട്ടിയുടെ ഒരു ചിറകുപോലും അറ്റുപോകില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. വിട്ടുവീഴ്ചയും സ്ഥാനമാനങ്ങള്‍ മാറ്റിവയ്ക്കാനും തയ്യാറായാല്‍ ചെറിയ കാലയളവിനുള്ളില്‍ പാര്‍ട്ടി തിരിച്ചുവരുമെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here