രാജേഷ് തില്ലങ്കേരി

കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായ  
പൂവച്ചൽ ഖാദർ (63) നിര്യാതനായി. .
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചൽ  ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് ഖാദർ ജനിച്ചത്. തൃശ്ശൂർ വലപ്പാട് ശ്രീരാമ പോളിടെക്ൾനിക്കിൽ നിന്ന് ഡിപ്ലോമയും തിരുവനന്തപുരം എൻജിനിയറിംഗ് കോളജിൽ നിന്നും ബിരുദവും നേടി. പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറായി ജോലി ചെയ്യവേയാണ് സിനിമാ ഗാനരചനയിലേക്ക് വഴിമാറുന്നത്. 1972 ൽ വിജയനിർമ്മല സംവിധാനം ചെയ്ത കവിത എന്ന ചിത്രത്തിനായി എഴുതിയ ഏതാനും കവിതകൾ സിനിമാഗാനമായി.

പിന്നീട് മുന്നൂറ്റി അൻപതിലേറ ചിത്രങ്ങൾക്കായി ആയിരത്തിലേറെ സിനിമാഗാനങ്ങൾ രചിച്ചു. ലളിതഗാനങ്ങളും, നാടകഗാനങ്ങളും എഴുതി. കളിവീണ എന്ന കവിതാ സമാഹാരവും പുറക്കി.
പൂവച്ചൽ ഖാദറിന്റെ അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ചുഴി, ക്രിമിനൽസ്, ഉത്സവം, തകര, ചാമരം, കായലും കയറും, താളവട്ടം, ദശരഥം, ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, ആരോഹണം, ശ്രീ അയ്യപ്പനും വാവരും തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.

ജനിച്ചത് തിരുവനന്തപുരത്തായിരുന്നുവെങ്കിലും പൂവച്ചൽഖാദറിനെ സിനിമയിലേക്ക് എത്തിച്ചത് കോഴിക്കോട് നഗരമായിരുന്നു. ബാബുക്കയുടെ സംഗീത സദസിൽ എത്തിച്ചതാണ് ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണമെന്ന് പൂവച്ചൽ ഖാദർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ചന്ദ്രിക വാരികയുടെ പത്രാധിപരായിരുന്ന കാനേഷ് പൂനൂരാണ് മലയാളത്തിന്റെ സംവിധാനരംഗത്തെ കുലപതിയായ ഐ വി ശശിയെ പരിചയപ്പെടുത്തുന്നത്. ഐ വി ശശി അക്കാലത്ത് സംവാധാന സഹായിയായിരുന്നു. കെ രാഘവൻ മാഷിനൊപ്പമായിരുന്നു പൂവച്ചലിന്റെ ചലചിത്ര പ്രവർത്തനം ആരംഭിക്കുന്നത്. സലാ കാരശ്ശേരി നിർമ്മിച്ച ചുഴയിയായിരുന്നു ആദ്യചിത്രം.എന്നാൽ ആദ്യം റിലീസ് ചെയ്ത് ചിത്രം കാറ്റുവിതച്ചവനായിരുന്നു. എതിലെ നീയെൻ പ്രാർത്ഥന കേട്ടു … എന്ന ക്രിസ്തീയ ഭക്തിഗാനം പൂവച്ചലിനെ ശ്രദ്ധേയനാക്കുകയായിരുന്നു. പിന്നീട് ശ്യാം, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ബാബുക്ക, ജോൺസൺ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം നിരവധി രചനകൾ നിർവ്വഹിച്ചു. സിനിമയിൽ തിരക്കേറിയതോടെ തട്ടകം മദ്രാസിലേക്ക് മാറ്റി.
ആദ്യകാലത്ത് നാടകങ്ങൾക്കായിരുന്നു പൂവച്ചൽ ഏറെ പ്രധാന്യം നൽകിയിരുന്നത്. നാടകമായിരുന്നു അക്കാലത്തെ ശക്തമായ മീഡിയമെന്ന് പിന്നീട് പൂവച്ചൽ പറഞ്ഞിട്ടുണ്ട്.
പുരാണ കഥകളായിരുന്നു ആദ്യകാല മലയാള സിനിമകൾ, പിന്നീട് സാമൂഹ്യ വിഷയങ്ങളും സിനിമകൾക്ക് വിഷയമായി. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ എന്ന ഗാനം ഒരു തവണയെങ്കിലും മൂളാത്ത മലയാളി അപൂർവ്വമായിരിക്കും.

സിനിമാ ഗാനരംഗത്ത് നിറഞ്ഞു നിന്ന പൂവച്ചൽ തിരുവനന്തപുരത്ത് തിരിച്ചെത്തി ജോലിയിൽ തിരികെ പ്രവേശിച്ചതോടെ  സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. അവാർഡുകളെയും പുരസ്‌കാരങ്ങളെയുമൊന്നും പൂവച്ചൽ ഖാദർ ആഗ്രഹിച്ചിരുന്നില്ല. പ്രേക്ഷകരുടെ അംഗീകാരമുണ്ടല്ലോ, അതല്ലേ എന്നും എഴുത്തുകരനെ ഏറെ സന്തോഷിപ്പിക്കുന്നതെന്നായിരുന്നു കവിയുടെ എക്കാലത്തെയും നിലപാട്.  

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം), മൗനമേ നിറയും മൗനമേ (തകര), ശരറാന്തൽ തിരിതാഴും (കായലും കയറും)
സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), എൻറെ ജന്മം നീയെടുത്തു … കൈകളിന്നു തൊട്ടിലാക്കി (ഇതാ ഒരു ധിക്കാരി), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ)
സ്വയം വരത്തിന് പന്തലൊരുക്കി നമുക്കു നീലാകാശം, മെല്ലെ നീ മെല്ലേ വരു (ധീര), കായൽ കരയിൽ തനിച്ചു വന്നതു (കയം), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), ചിരിയിൽ ഞാൻ കേട്ടു (മനസ്സേ നിനക്ക് മംഗളം), അക്കൽ ദാമയിൽ പാപം ( ചുഴി), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ)
ഡോക്ടർ സാറേ പൊന്നു ഡോക്ടർ സാറേ (സന്ദർഭം) എന്നിവയാണ് പൂവച്ചൽ ഖാദറിന്റെ പ്രശസ്തങ്ങളായ രചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here