കണ്ണൂർ : ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്കായി പുതിയ ശബ്ദരേഖ പുറത്തു വിട്ട് പ്രസീത അഴീക്കോട്. സികെ ജാനുവിന് കെ സുരേന്ദ്രൻ പണം കൈമാറിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ശബ്ദരേഖയുടെ ഉള്ളടക്കം. ജാനുവിന്റെ പാർട്ടിയ്ക്കായി 25 ലക്ഷം കൈമാറുന്നുണ്ടെന്നാണ് കെ സുരേന്ദ്രൻ ശബ്ദരേഖയിൽ പറയുന്നത്.

ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേഷാണ് പണം ഏർപ്പാടാക്കിയതെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം പുറത്തുവിട്ട വിവിധ വാർത്താ ചാനലുകളുടെ റിപ്പോർട്ട്. ആദ്യം നൽകിയ പത്ത് ലക്ഷം രൂപയ്ക്കു പുറമെയാണ് 25 ലക്ഷം രൂപ കൈമാറുന്നതിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണ് പണം കൈമാറുന്നതെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഈ ആരോപണങ്ങൾ കെ സുരേന്ദ്രനും ബിജെപിയും നിഷേധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാമെന്നു പ്രസീത അഴീക്കോട് പറഞ്ഞു.

അതേസമയം, മാർച്ച് 26ന് ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് ഈ പണം കൈമാറിയതായി പ്രസീത അഴീക്കോട് പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോടു വെളിപ്പെടുത്തി. ബിജെപി ജില്ലാ നേതാവാണ് പണം എത്തിച്ചത്. സികെ ജാനു നേരിട്ട് പണം സ്വീകരിച്ചു. മാർച്ച് 25നാണ് ഇതു സംബന്ധിച്ച് താനുമായി ഫോൺ സംഭാഷണം നടത്തിയത്. തുണി സഞ്ചിയിൽ പൂജാ സാധനങ്ങളെന്ന വ്യാജേനയാണ് പണം എത്തിച്ചതെന്നും പ്രസീത വാർത്താ ചാനലിനോടു പറഞ്ഞു.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയ്ക്കും സികെ ജാനുവിനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷൻ വൻ തുക നൽകിയതായി മുൻപ് വെളിപ്പെടുത്തൽ വന്നിരുന്നു. മഞ്ചേശ്വരത്തെ പണം കൈമാറ്റത്തിൽ കെ സുരേന്ദ്രനെതിരെ അന്വേഷണം തുടരുന്നുമുണ്ട്. ബിജെപി നേതാക്കൾ ഇഷ്ടപ്പെട്ട കൊടകര കുഴൽപ്പണക്കേസിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ആരോപണങ്ങളെ ബിജെപി രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനിടെയാണ് പുതിയ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here