കട്ടപ്പന: വെള്ളയാംകുടിയിൽ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. തേക്കടി, അയ്യപ്പൻകോവിൽ റേഞ്ചിലെ വനപാലകർ സംയുക്തമായാണ് പരിശോധന നടത്തിയത്. കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കട്ടപ്പന അമ്പലക്കല സ്വദേശി സജി ഗോപിനാഥൻ , ഉപ്പുതറ സ്വദേശി സ്‌കറിയ,തിരുവല്ല സ്വദേശികളായ സാബു, പ്രശാന്ത് എന്നിവരാണ് പിടിയിലായത്.

പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തേക്കടി, അയ്യപ്പൻ കോവിൽ റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കൊമ്പുകൾ വാങ്ങാൻ എന്ന പേരിൽ എത്തിയാണ് പ്രതികളെ പിടികൂടിയത്. സജി, സാബു, പ്രശാന്ത് എന്നിവരെ വെള്ളയാംകുടിയിൽ നിന്നും സ്‌കറിയയയെ ഉപ്പുതറയിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സ്‌കറിയയുടെ പക്കൽ നിന്ന് 25000 രൂപയ്ക്കാണ് കൊമ്പുകൾ വാങ്ങിയതെന്നാണ് സജി വനപാലകർക്ക് നൽകിയ മൊഴി. പ്രതികൾ മുൻപും കൊമ്പുകൾ വിൽപന നടത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം.
പ്രതികളെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here