കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് എയിംസ് വേണമെന്ന് കാലങ്ങളായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇക്കാര്യത്തിൽ അദ്ദേഹം അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.


‘കേരളത്തിൽ എയിംസ് വേണമെന്ന ദീർഘനാളായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നും അനുകൂലമായ നിലപാടാണ് ഉണ്ടായത്. കേരളത്തിൽ പ്രായാധിക്യമുള്ളവർ അധികമായതും പകർച്ച വ്യാധികൾ ഘട്ടം ഘട്ടമായി വ്യാപിക്കുന്നതും ആരോഗ്യ മേഖലയിൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. അത്തരത്തിലുള്ള കരുത്തിന് എയിംസ് അനിവാര്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ പ്രധാനമന്ത്രി അനുമോദിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here