കൊച്ചി : നവസംരംഭക ആശയത്തിലൂടെ ലോകശ്രദ്ധ നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് നാടിന്റെ ആദരം. യുവസംരംഭകർക്കായി അമേരിക്ക ആസ്ഥാനമായ ടൈ ഗ്ലോബൽ നടത്തിയ മത്സരത്തിൽ ‘പോപ്പുലർ ചോയ്‌സ്’ അവാർഡ് നേടിയ  വി സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി ഡിംപൽ, ശിവനന്ദന എന്നിവരെയാണ് അനുമോദിച്ചത്. അനുമോദന ചടങ്ങ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡ് ഭീതി നിറഞ്ഞ കാലത്തും മത്സരബുദ്ധിയോടെ പരിശീലനം നടത്തിയ വിദ്യാർഥിനികൾ അഭിനന്ദനമർഹിക്കുന്നതായി മന്ത്രി പറഞ്ഞു. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയുള്ള മലയാളി വിദ്യാർഥിനികളുടെ നേട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഫിൽട്ടർ കോഫി ഗുളിക രൂപത്തിൽ തയ്യാറാക്കുന്ന ‘കാപ്പിഫൈൽ’ എന്ന നവ സംരംഭ ആശയമാണ് വിദ്യാർഥിനികൾ അവതരിപ്പിച്ചത്. ഇത് ലോകമാകെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധപിടിച്ചുപറ്റി. ഏറ്റവും ജനപ്രീതിയുള്ള ഉൽപ്പന്നമായി കാപ്പി ഫൈൽ തെരഞ്ഞെടുക്കുകയും ചെയ്തു. പരിപാടിക്കായി കുട്ടികളെ സ്പോൺസർ ചെയ്ത് പരിശീലിപ്പിച്ചത് ടൈ കേരളയാണ്.

ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി എ ശ്രീജിത്ത്, ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ, വൈസ് പ്രസിഡന്റ് അനിഷ ചെറിയാൻ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, പിടിഎ പ്രസിഡന്റ് ഷിബു ചാക്കോ, മാതൃസംഗമം പ്രസിഡന്റ് നിത്യ ഷിബു പ്രിൻസിപ്പൽ വി നളിനികുമാരി, ഡോ. പി എസ് ബിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here