കോഴിക്കോട്: വരയ്ക്കൽ കടപ്പുറത്ത് കർക്കിടക വാവു ബലിയിടാനെത്തിയ വിശ്വാസികൾക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ കൗൺസിൽ  പ്രതിഷേധിച്ചു. 
 
 കണ്ടാലറിയുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയിൽ പോലീസ്  കേസ് എടുത്തത് .നിയമങ്ങൾ നടപ്പിലാക്കലും കേസെടുക്കലും ഭൂരിപക്ഷ സമുദായത്തിനെതിരെ മാത്രമാകുന്നതിൽ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ഉൽക്കണ്ഠ രേഖപ്പെടുത്തി. പാരമ്പര്യമായി ബലി തർപ്പണ ചടങ്ങുകൾ നടക്കുന്ന വരക്കൽ കടപ്പുറത്ത് ഇന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രമോ, വരക്കൽ ക്ഷേത്രമോ, ബലിതർപ്പണ സമിതിയോ ഹിന്ദു ഐക്യവേദിയോ കൂട്ടമായി ചടങ്ങുകൾ നടത്തിയിട്ടു ണ്ടായിരുന്നില്ല എന്നിരിക്കെ വ്യക്തിപരമായി തർപ്പണം ചെയ്യാനെത്തിയ വിശ്വാസികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 
 
രണ്ട് ദിവസം മുമ്പ് പ്രമുഖ നടൻ പങ്കെടുത്ത സ്വകാര്യ ആശുപത്രിയുടെ 300 പേർ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുക്കാൻ മടി കാണിച്ച പോലീസ് ബലിതർപ്പണം നടത്താനെത്തിയ വിശ്വാസികൾക്കെതിരെ കേസെടുത്ത വിവേചനപ്പൂർവ മായ ഇത്തരംനടപടികൾ സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കാൻ മാത്രമേ സഹായിക്കുകയൊള്ളൂ എന്നും എസ് എൻ ഡി പി യൂണിയൻ കുറ്റപ്പെടുത്തി. 
 
യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ.ബിനുകുമാർ ഭാരവാഹികളായ അഡ്വ.എം.രാജൻ, എം മുരളീധരൻ, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത് ,വി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here