കോട്ടയം : വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനും ഇന്ത്യയിൽ നിയമം പാലിക്കണം. കുറെ ആരാധകർ ഉണ്ടെന്ന് കരുതി എന്തും ചെയ്യാനും എന്തും പറയാനും പാടില്ല എന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു.  
ഇ ബുൾജെറ്റ് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്
തന്നെ വിളിക്കുന്നവരുടെ കാര്യത്തിൽ ഇടപെടുമെന്നും പിസി ജോർജ്
വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാട്ടിൽ പല ജില്ലകളിലും നടക്കുന്ന സംഭവങ്ങളിൽ പി.സി. ജോർജിനെയും, എം. മുകേഷ് എംഎൽഎയും, സുരേഷ് ഗോപിയേയും ആളുകൾ വിളിച്ച് ഫോൺ റെക്കോർഡ് ചെയ്ത് വൈറലാക്കുന്ന പ്രവണതയാണ് സമീപകാലത്തുള്ളത്. ഇതിനെക്കുറിച്ച് പി.സി. ജോർജിന് പറയാനുള്ള മറുപടി ഇതാണ്. ‘മനുഷ്യരെ അറിയാവുന്ന മനുഷ്യൻ അറിയുന്നവരെയാണ് ജനങ്ങൾ വിളിക്കുന്നത്’, അതാണ് സത്യം എന്ന് പി.സി. ജോർജ് അവകാശപ്പെടുന്നു.

ഇ ബുൾ ജെറ്റ്’ സഹോദരന്മാരെ പോലീസ് അകത്താക്കിയ സംഭവത്തിൽ നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി, കൊല്ലം എം.എൽ.എ. എം. മുകേഷ്, പൂഞ്ഞാർ മുൻ എം.എൽ.എ. പി. സി. ജോർജ് എന്നിവരെ ഫോണിൽ വിളിച്ച് ആരാധകർ പിന്തുണ തേടിയിരുന്നു. വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് പി.സി. ജോർജ് മറുപടി പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പി.സി. ജോർജിനെ തെറിവിളിച്ച് നിരവധി പേർ ഫോൺകോൾ റെക്കോർഡ് ചെയ്ത് വൈറലാക്കിയിരുന്നു. തെറിവിളിക്കുന്നവരെ തിരിച്ച് തെറി വിളിക്കുക എന്ന നിലപാടാണ് പി.സി. ജോർജ് സ്വീകരിച്ചത്. തന്നെ തല്ലുന്നവരെ തിരിച്ചു തല്ലുക എന്നതാണ് തന്റെ നിലപാട് എന്ന് പി.സി. ജോർജ് പറയുന്നു.

തന്നെ വിളിക്കുന്നവരുടെ കാര്യത്തിൽ താൻ ഇടപെടാറുണ്ട് എന്നും അദ്ദേഹം ജോർജ് വ്യക്തമാക്കി. ‘ഇ ബുൾ ജെറ്റ്’ സഹോദരന്മാരുടെ കാര്യത്തിൽ താൻ കൃത്യമായ അന്വേഷണം നടത്തിയിരുന്നു. അവരുടെ ഭാഗത്ത് തെറ്റുണ്ട് എന്ന് അന്വേഷണത്തിൽ മനസ്സിലായി. പോലീസ് അവിടെ എടുത്തത് കൃത്യമായ നടപടിയാണ് എന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടി.നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ ‘ഇ ബുൾ ജെറ്റ്’ സഹോദരന്മാർ തയ്യാറായിട്ടുണ്ട്. എന്നുകരുതി എന്തു വൃത്തികേടും ചെയ്യുന്നത് ശരിയല്ല. കുറേ ആരാധകരുണ്ട് എന്ന് കരുതി എന്തും പറയാനും ചെയ്യാനും പാടില്ല എന്നും പി.സി. ജോർജ് പറയുന്നു.

വാഹനങ്ങൾ മോഡിഫിക്കേഷൻ നടത്തുന്നതിന് ഇന്ത്യയിലെ നിയമം പാലിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത് എന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ലൈറ്റുകൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് ഉള്ളത്. അത് പരിഗണിക്കാതിരിക്കാനാകില്ല. കളർ മാറ്റുന്ന നടപടിയും ശരിയല്ല. ഇതിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി വാങ്ങണം. കളർ മാറ്റിയാലുള്ള ബുദ്ധിമുട്ടുകളും പി.സി. ജോർജ് ചൂണ്ടിക്കാട്ടുന്നു. രേഖകളിൽ വെള്ള കളർ ഉള്ള കാർ നിറം മാറ്റം നടത്തി ഏതെങ്കിലും മോഷണങ്ങളിൽ ഉപയോഗിച്ചാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പി.സി. ജോർജ് ചൂണ്ടിക്കാട്ടുന്നത്. തന്റെ പഴയ അംബാസിഡർ കാർ കറുത്ത കളർ ആക്കാൻ പോവുകയാണ്. അതിനായി കാർ വർക്ക്‌ഷോപ്പിൽ കയറ്റി കഴിഞ്ഞു. തന്റെ പഴയ കാർ നിറം മാറ്റുന്നതിന് മോട്ടോർ വാഹന വകുപ്പിൽ അപേക്ഷ നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here