തിരുവനന്തപുരം; ജീവനും, ജീവനോപാതിയും സംരക്ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കരുത്തു പകരുന്നതാണ് നബാർഡിന്റേയും സിസ്സയുടേയും പ്രവർത്തനമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ജവഹർ ബാലഭവനിൽ ആരംഭിച്ച ബാലരാമപുരം കൈത്തറി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നര വർഷമായി ആ​ഗോള തലത്തിലും ദേശീയ സംസ്ഥാന തലത്തിലും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ വർഷത്തെ ഓണം വീടുകളിൽ ഇരുന്നു ആഘോഷിച്ചു. ഈ വർഷം അൽപ്പം ഇളവ് ഉണ്ടെങ്കിലും അതിന് ശേഷം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും.


കഴിഞ്ഞ ഓണക്കാലത്ത് കൈത്തറിയുടെ വിപണനം പരാജയപ്പെട്ട് സമയത്താണ് നബാർഡും, സിസ്സയും ചേർന്ന് ബാലരാമപുരം കൈത്തറി പുനരുദ്ധീകരിക്കാൻ ശ്രമിച്ചത്. അതിന്റെ ശ്രമഫലമായി അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ബാലരാമപുരം കൈത്തറിയെത്തിക്കാനായത് സന്തോഷകരമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരത്തിന്റെ പുരോ​ഗതി മന്ദ​ഗതിയിലാണ്. കൈത്തറി വ്യവസായം തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കാട്ടാകുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖയിലൂടെയാണ് കേരളത്തിന് വളർച്ച സാധ്യതയുള്ളത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മുൻപിൽ ബാലരാമപുരം കൈത്തറി എത്തിക്കാനും, അവർക്ക് പോയി കാണുവാനും നെയ്ത്തുകാരുടെ മാതൃകാ ​ഗ്രാമം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി സംരംഭകർക്ക് ഓണക്കാലത്തും കൈത്താങ്ങാകുന്നതിന് വേണ്ടി നബാർഡും- സിസ്സയും ചേർന്നാണ് ഹാൻഡ് ലൂം എക്സപോ സംഘടിപ്പിക്കുന്നത്. ഇടനിലക്കാരില്ലാതെ ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും നേരിട്ടും വാങ്ങാനാകും. ചടങ്ങിൽ ബാലരാമപുരത്തെ മുതിർന്ന നെയ്ത്തുകാരായ പി. കൃഷ്ണൻ, ആർ. നെൽസൺ, അപ്പുലോസ്, സി. ജയരാജൻ, എ. രാമചന്ദ്രൻ, വി.മണിയൻ, എൽ യശോദ, വിജയൻ എന്നിവരെ മന്ത്രി ആദരിച്ചു.


ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങളുടെ 80 % വിപണി ഓണക്കാലവും, അത് പോലെ സ്കൂൾ യൂണിഫോമിലെ വിൽപ്പനയുമാണ്. എല്ലാവർഷവും, ഓണക്കച്ചവടത്തിന് വേണ്ടിയും , സ്കൂൾ യൂണിഫോമുകൾ നൽകുന്നതിന് വേണ്ടിയും ഫെബ്രുവരി മാസത്തിൽ തന്നെ കച്ചവടക്കാർ തയ്യാറായിരിക്കും, എന്നാൽ കഴിഞ്ഞ വർഷം കൊവിഡ് കാരണം ഇവർക്ക് കൂടുതൽ വിവപണികൾ ലഭിച്ചിരുന്നില്ല. തുടർന്ന് സിസ്സയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ എക്സിബിഷനുകളിൽ നിന്നാണ് ഇവർക്ക് ഉയർത്തെഴുന്നേൽപ്പ് ഉണ്ടായത്. കൊവിഡ് സമയത്ത് വിപണനം ഇല്ലാതിരുന്നിട്ടും ഉൽപ്പാദനം നിർത്തിവെയ്ക്കാൻ നെയ്ത്തുകാർ തയ്യാറായിട്ടില്ല. അതിനാൽ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള മേളകൾ സംഘടിപ്പിക്കുന്നത്.
നബാർഡ് സിജിഎം പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ താരം ഡോ. താരാ കല്യാൻ , വിമലാ മേനോന് ആദ്യ വിൽപ്പന നടത്തി. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. സുധീർ, ഹാൻഡക്സ് മുൻ ജി.എം മുരളീകൃഷ്ണ, ട്രിവാൻഡ്രം ക്ലബ് പ്രസിഡന്റ് എൻ. ജയചന്ദ്രൻ, മന്നം മെമ്മോറിയൽ നാഷണൽ പ്രസിഡന്റ് ഡോ. എൻ. അരവിന്ദാക്ഷൻ, ലൺസ് ക്ലബ് പ്രിസിഡന്റ് സുരേഷ് ചന്ദ്രൻ എം, ജെസിഐ പ്രസിഡന്റ് ഡോ. ഇന്ദുലേഖ, ശോഭ വിശ്വനാഥ്, സിസ്സ ഡയറക്ടർ അഡ്വ. എസ് . സുരേഷ് കുമാർ സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here