ദേവികുളം: താൻ സിപിഎം വിട്ട് സിപിഐയിലേക്ക് പോവുകയാണെന്ന വാർത്തയോട് പ്രതികരിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ ഇടത് സ്ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്നതിനിടെ രാജേന്ദ്രൻ പാർട്ടി വിടുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തതോടെയാണ് രാജേന്ദ്രൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. ചില ആളുകളുടെ ആഗ്രഹം മാത്രമാണ് താൻ സിപിഐയിലേക്കെന്ന വാർത്തയുടെ പിന്നിലെന്ന് രാജേന്ദ്രൻ പറഞ്ഞു. പ്രചരിച്ച വാർത്ത എന്തെന്നും രാജേന്ദ്രൻറെ മറുപടിയും വിശദമായി അറിയാം.

ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടി വിട്ട് സിപിഐയിലേക്ക് പോകുമെന്നായിരുന്നു പ്രചരിച്ച വാർത്ത. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് നീക്കമെന്നും, സിപിഐയിലെ പ്രദേശത്തെ മുതിർന്ന നേതാക്കൾ രാജേന്ദ്രനുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം നടത്തുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി അന്വേഷണകമ്മിഷൻറെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കങ്ങൾ നടത്തുന്നതെന്നും പ്രചാരണങ്ങളുണ്ടായി. അന്വേഷണത്തിൽ തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് രാജേന്ദ്രൻ സിപിഎം വിട്ട് സിപിഐയിൽ ചേരാനുള്ള നീക്കം ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. ഈ സാഹചര്യത്തിലാണ് രാജേന്ദ്രൻ തന്നെ വിഷയത്തിൽ പ്രതികരണം നടത്തിയത്.

താൻ സിപിഎം വിട്ട് സിപിഐയിലേക്ക് പോവുകയാണെന്ന വാർത്തകൾ തള്ളി എസ് രാജേന്ദ്രൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചില ആളുകളുടെ ആഗ്രഹം മാത്രമാണ് താൻ സിപിഐലേക്കെന്ന വാർത്തയുടെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പാർട്ടി അന്വേഷണത്തെക്കുറിച്ച് പ്രതികരിച്ച രാജേന്ദ്രൻ പാർട്ടിയുടെ നേത്യത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും, അന്വേഷണം പൂർത്തിയാകട്ടെയെന്നും പറഞ്ഞു. ചിലരുടെ ആഗ്രഹങ്ങൾ മാത്രമാണ് ആരോപണത്തിന് പിന്നിലെന്നും മുൻ എംഎൽഎ കൂട്ടിച്ചേർത്തു.

പാർട്ടി പുറത്താക്കിയാലും മറ്റ് നടപടികൾ സ്വീകരിച്ചാലും പാർട്ടിയിൽ തന്നെ തുടരുമെന്നും രാജേന്ദ്രൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. താൻ ഇപ്പോൾ ചെന്നൈയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയിലേക്ക് മാറുമെന്ന പ്രചാരണം വെറും ഊഹാപോഹമാണെന്ന് രാജേന്ദ്രൻ പറഞ്ഞതായി മാതൃഭൂമി ന്യൂസും റിപ്പോർട്ട് ചെയ്തു. 38 വർഷം പ്രവർത്തിച്ച പാർട്ടി എടുക്കുന്ന ഏതുതീരുമാനവും അനുസരിക്കുമെന്നും സിപിഎം നേതാവ് പറയുന്നു.

അഞ്ച് വർഷം ജില്ലാ പഞ്ചായത്ത് അംഗവും 15 വർഷം ദേവികുളം എംഎൽഎയുമായിരുന്ന രാജേന്ദ്രൻ തോട്ടം മേഖലയിൽ സ്വാധീനമുള്ള നേതാവാണ്. ഈ ബന്ധം ഗുണമാക്കി മാറ്റാനാണ് സിപിഐയുടെ ശ്രമമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. മേഖലയിലെ രണ്ട് മുതിർന്ന നേതാക്കളാണ് രാജേന്ദ്രനുമായി ചർച്ച നടത്തുന്നെന്ന പ്രചാരണത്തിനിടെയാണ് വാർത്തയെ തള്ളി രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എസ് രാജേന്ദ്രനെതിരായ പരാതിയിൽ സിപിഎമ്മിൻറെ രണ്ടംഗ അന്വേഷണകമ്മിഷൻറെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here