ഡൽഹി: കേന്ദ്രമന്ത്രിയും രാജ്യസഭാ എം പിയുമായ വി മുരളീധരനെതിരെ കടുത്ത വിമർശനവുമായി ഇടതു എം പിമാരായ എളമരം കരീമും വിനോയ് വിശ്വവും രംഗത്ത്. ഇത്രയും കഴിവുകെട്ട ഒരു മന്ത്രി കേരളീയനാണെന്നത് മലയാളികൾക്ക് അപമാനമാണെന്ന് എം പിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്റിൽ നടന്ന ബഹളത്തിൽ പ്രതിപക്ഷത്തിനെതിരെ വി മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം പിമാരുടെ പ്രതികരണം. ഇടതു എം പിമാർ പാർലമെന്റിനെ കളങ്കപ്പെടുത്തിയെന്ന പ്രസ്താവന അൽപത്വമാണെന്നും വില കുറഞ്ഞതാണെന്നും എം പിമാർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷധിച്ചതെന്ന് എം പിമാർ പ്രസ്താവനയിൽ വിശധീകരിച്ചു. എന്നാൽ പ്രതിപക്ഷവുമായി കൂടിയാലോചിച്ച് സഭാതലം സൗഹാർദപൂർണമാക്കാൻ മന്ത്രിമാർ ശ്രമിച്ചില്ലെന്നും ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രതിപക്ഷത്തെ ഗൗനിക്കില്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചതെന്നും പ്രസ്താവനയിൽ അവർ ആരോപിച്ചു.

പാർലമെന്റിന്റെ പ്രവർത്തനം സുഗമമാക്കുക എന്നതാണ് പാർലമെന്ററി കാര്യ മന്ത്രിമാരുടെ ചുമതലയെന്നും എന്നാൽ ഈ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ലെന്ന് വി മുരളീധരൻ തെളിയിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്രയും കഴിവുകെട്ട ഒരു മന്ത്രി കേരളീയനാണെന്നത് മലയാളികൾക്ക് അപമാനമാണ്. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളെ ഭരണപക്ഷത്തുള്ള ബിജെഡിയും വൈഎസ്ആർ കോൺഗ്രസും പോലും അനുകൂലിച്ചെന്നും എന്നാൽ പിടിവാശി ഉപേക്ഷിച്ച് ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നുമാണ് ആരോപണം.

കർഷക സമരത്തിന് ഇടയാക്കിയ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പെഗാസസ് ഫോൺ ചോർത്തലും ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറായില്ല. തൊഴിലാളികളുടെ പണിമുടക്ക് നിരോധനം, കോടികളുടെ കിട്ടാക്കടമുള്ള കോർപ്പറേറ്റുകളെ സഹായിക്കൽ, ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ സ്വകാര്യവത്കരണം തുടങ്ങിയവയാണ് പാർലമെന്റിൽ ചർച്ചയായത്. എന്നാൽ ഇതൊനനും ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറായില്ല. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ രാജ്യസഭയിൽ എത്തിയതു പോലുമില്ലെന്നും എളമരം കരീമും ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.

എൻഡിഎ സഖ്യകക്ഷികൾ പോലും പ്രതിപക്ഷത്തിനൊപ്പം നിന്ന വിഷയങ്ങളിൽ പോലും ചർച്ച നടത്താൻ തയ്യാറാകാതിരുന്ന കേന്ദ്രസർക്കാരാണ് പാർലമെന്റ് വർഷകാല സമ്മേളനം ബഹളത്തിൽ മുഹ്ങാൻ കാരണമെന്ന് എം പിമാർ പറഞ്ഞു. സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും പാർലമെന്റ് നടപടി ചട്ടങ്ങളും കാറ്റിൽ പറത്തി. യു പി എ സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ പാസാകുന്ന 71 ശതമാനം നിയമങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്നും എന്നാൽ എൻ ഡി എ കാലത്ത് ഇത് 10 ശതമാനമായി കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയ എംപിമാർ ഇതിൽ സർക്കാരിന് അഭിമാനിക്കാമോ എന്നും ചോദിച്ചു.

പതിനാല് പ്രതിപക്, പാർട്ടികളിലെ എംപിമാർ ഒരുമിച്ച് നിന്ന് പ്രതിഷേധിച്ചിട്ടിട്ടും മൂന്ന് ഇടതുപക്ഷ എംപിമാരെ മാത്രമാണ് വി മുരളീധരൻ കണ്ടതെന്നും ഇത് ഇടതുപക്ഷത്തെ കേന്ദ്രസർക്കാർ ഭയപ്പെടുന്നതു കൊണ്ടാണെന്നും എംപിമാർ പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തെ അപമാനിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത വി മുരളീധരൻ സംസ്ഥാനത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എം പിമാർ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here