തിരുവനന്തപുരം: ദിവസങ്ങളായി നീണ്ട് നിന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് നേതൃത്വം ഡിസിസി പ്രസിഡൻറ് അന്തിമ സാധ്യതാ പട്ടിക തയ്യാറാക്കിയതായി റിപ്പോർട്ട്. അഞ്ചു ജില്ലകളിൽ ഒറ്റപ്പേരു മാത്രം ഉൾപ്പെടുന്ന പട്ടികയിൽ വനിതകൾ ആരും ഇല്ലെന്നാണ് ലഭ്യമായ വിവരം.  മുൻ എം എൽ എമാരായ വി ടി ബൽറാമും അനിൽ അക്കരയും സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. ഡൽഹിയിൽ കഴിഞ്ഞദിവസങ്ങളിലായി നടന്ന് വന്ന ചർച്ചകൾക്കൊടുവിൽ തയ്യാറാക്കിയ സാധ്യതാ പട്ടികയാണിതെന്നാണ് റിപ്പോർട്ട് പറയുന്നത്. വിവിധ ജില്ലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാം.


പട്ടികയിൽ നേതൃത്വവുമായി അടുത്ത് നിൽക്കുന്ന നേതാക്കൾ

ഇരു ഗ്രൂപ്പുകൾക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന പട്ടികയാണ് കെ പി സി സി നേതാക്കൾ നേതൃത്വത്തിന് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ .  കെ പി സി സി നേതൃത്വവുമായും ബന്ധം പുലർത്തുന്നവരാണ് ഇവർ.  പല ജില്ലകളിലും ഇരു ഗ്രൂപ്പുകളും സംയുക്തമായി പേര് നിർദേശിച്ചിരുന്നെങ്കിലും അന്തിമ സാധ്യതാ പട്ടികയിൽ ഇവർക്ക് പുറമെ ചില വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുറത്തുവരുന്ന സാധ്യത പട്ടികയിൽ നിന്നാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതെങ്കിൽ ഒരു ജില്ലയിലും വനിതാ അധ്യക്ഷ ഉണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്.

അഞ്ച് ജില്ലകളിൽ നിന്ന് പട്ടികയിൽ ഒരാൾ മാത്ര

 സാധ്യത പട്ടികയിൽ അഞ്ച് ജില്ലകളിൽ നിന്ന് ഒരു പേര് മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒരു പേര് മാത്രം നിർദേശിച്ചിരിക്കുന്നത്. പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ, എറണാകുളം – മുഹമ്മദ് ഷിയാസ്, കോഴിക്കോട് – കെ പ്രവീൺ കുമാർ, കണ്ണൂർ – മാർട്ടിൻ ജോർജ്, കാസർകോട് – ഖാദർ മാങ്ങാട് എന്നിവരാണ് ഇത്.

മുൻ എംഎൽഎമാരും പട്ടികയിൽ

മുൻ എം എൽ എമാരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത കോൺഗ്രസ് നേതാക്കളുടെ പേരും പുറത്തുവന്ന സാധ്യത പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് കെഎസ് ശബരിനാഥ്, തൃശൂർ – അനിൽ അക്കര, പാലക്കാട് – വി ടി ബൽറാം എന്നിവരാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുൻ എം എൽ എമാരെന്നാണ് റിപ്പോർട്ട്.

പാലക്കാട് വിടി ബൽറാം അധ്യക്ഷനാകുമോ?

പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വിടി ബൽറാം എത്തുമോയെന്ന് പുനഃസംഘടനാ ചർച്ചകൾ ആരംഭിച്ചത് മുതൽ ഉയരുന്ന ചോദ്യമാണ്. ഇപ്പോൾ പുറത്തുവന്ന സാധ്യതാ പട്ടികയിലും വിടി ബൽറാം ഉൾപ്പെട്ടിട്ടുണ്ട്. മാതൃഭൂമി റിപ്പോർട്ട് പ്രകാരം പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എവി ഗോപിനാഥിൻറെ പേരാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദേശിച്ചത്. എന്നാൽ മറ്റു നേതാക്കൾ എതിർപ്പറിയിച്ചതോടെ മുൻ അധ്യക്ഷൻമാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം യോഗം സ്വീകരിക്കുകയായിരുന്നു. അതേസമയം ഇദ്ദേഹത്തിൻറെ പേരും സാധ്യതാ പട്ടികയിലുണ്ട്. ഇതിന് പുറമെയാണ് വിടി ബൽറാമും എ തങ്കപ്പനും ഉൾപ്പെട്ടിരിക്കുന്നത്.

തൃശൂരിൽ അനിൽ അക്കര ഉൾപ്പെടെ മൂന്ന് പേർ

തൃശൂർ ജില്ലയിലെ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ എംഎൽഎ അനിൽ അക്കരയും ജോസ് വെള്ളൂർ, ടിവി ചന്ദ്രമോഹനുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പുകൾ സംയുക്തമായി ടി വി ചന്ദ്രമോഹൻറെ പേരാണ് നിർദേശിച്ചതെന്നും എന്നാൽ അന്തിമ പട്ടികയിൽ മറ്റു രണ്ട് പേർ കൂടി ഉൾപ്പെടുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. സാധ്യത പട്ടിക പ്രകാരം തിരുവനന്തപുരത്ത് കെഎസ് ശബരിനാഥന് പുറമെ ആർ വി രാജേഷാണ് ഉൾപ്പെട്ടിരിക്കുന്നതെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. 
 

LEAVE A REPLY

Please enter your comment!
Please enter your name here