സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. പാർട്ടി സമ്മേളനങ്ങൾക്ക് മുൻപായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. സംസ്ഥാന സമിതിയാകും വിഷയത്തിൽ തീരുമാനം സ്വീകരിക്കുക.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നത്. മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കോടിയേരിയുടെ അവധിക്ക് കാരണമായി. ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും തെരഞ്ഞെടുപ്പിൽ
സി പി എം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്.

2020 നവംബറിലാണ്  സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറിനിൽക്കാൻ തീരുമാനിക്കുന്നത്. ഇതോടെ എൽ ഡി എഫ് കൺവീനറായിരുന്ന  എ വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറിയായി തുടരുന്നത്. ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത്  വച്ച് നടത്താൻ തീരുമാനിച്ചിരിക്കയാണ്.  അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിനോട് മുന്നോടിയായിട്ടാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടു വരുന്നത്. കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനുള്ള  തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ  നേരത്തെ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിലും, ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും പാർട്ടി കോടിയേരി ബാലകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലകൾ ഇരട്ടിക്കും. എ വിജയരാഘവനെ  മുന്നണി കൺവീനറുടെ മാത്രം ചുമതലയിലേക്ക് കൊണ്ടുവരികയുമാണ് തീരുമാനം.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് റാലികളും പൊതു യോഗങ്ങളും ഒഴിവാക്കും. സമ്മേളനം നടക്കുന്ന ഹാളുകളിൽ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here