ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂർ കുറ്റക്കാരനല്ലെന്ന് റോസ് അവന്യു കോടതി വിധി. ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ തരൂരിനെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി കുറ്റപത്രം നിലനിൽക്കില്ലെന്ന് സൂചിപ്പിച്ചാണ് റോസ് അവന്യു കോടതി വിധി പ്രഖ്യാപിച്ചത്.

എന്നാൽ ആത്മഹത്യ, കൊലക്കുറ്റം ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ ഗാർഹിക പീഡനത്തിനെതിരായ വകുപ്പുകൾ ചുമത്തിയെന്ന് സൂചനകൾ വരുന്നുണ്ട്. കൊലപാതക സാദ്ധ്യത മുന്നിൽ കണ്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതിനുള‌ള തെളിവൊന്നും ലഭിച്ചില്ല. നീതിപീഠത്തിന് നന്ദിയുണ്ടെന്നും ഏഴ് വർഷം നീണ്ട വേട്ടയാടലിനാണ് അവസാനമായതെന്നുമാണ് തരൂർ വിധിയോട് പ്രതികരിച്ചത്.

2014 ജനുവരിയി 17നാണ് ഉറക്കഗുളികയ്‌ക്ക് സമാനമായ മരുന്ന് അമിതമായി കഴിച്ചനിലയിൽ ഡൽഹിയിലെ ലീല ഹോട്ടലിൽ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകളുണ്ടായിരുന്നു. കേസ് അന്വേഷിച്ച ഡൽഹി പൊലീസ് ശശി തരൂർ, സുനന്ദയുടെ മകൻ ശിവ് മേനോൻ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ആ വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേസ് നിർണായകമായിരുന്നെങ്കിലും ശശി തരൂർ വിജയിച്ചു.

പിന്നീട് 2014 ജൂലായ് രണ്ടിന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് സ്വാഭാവിക മരണമാക്കി തീർക്കാൻ ഇടപെട്ടെന്ന് എയിംസ് തലവൻ ഡോ.സുധീർ ഗുപ്‌ത പറഞ്ഞിരുന്നു.തുടർന്ന് 2015 ജനുവരി ആറിന് കൊലപാതകത്തിന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2018 മേയ്15ന് തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോടതി വിധിപ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here