നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ കാബൂളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 മലയാളികളെ സുരക്ഷിതരായി നാട്ടിൽ എത്തിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇതുസംബന്ധിച്ച് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയ്‌ക്ക് കത്തയച്ചു.

അതേസമയം,​ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ ടാണ്ഠൻ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കൻ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ ഡൽഹിയിൽ എത്തിച്ചു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീൻ സോണിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും ഇന്നലെ പുലർച്ചെയാണ് ‌വിമാനത്താവളത്തിൽ എത്തിച്ചത്. 15 ഇടങ്ങളിൽ താലിബാൻ പരിശോധന ഉണ്ടായിരുന്നു.

കാബൂളിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തവരും കുടുംബാംഗങ്ങളുമാണ് കുടുങ്ങിയ മലയാളികൾ. താലിബാൻ തങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതായും പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതായും നോർക്കയിലേക്ക് വിളിച്ചവർ അറിയിച്ചു. തലശേരി സ്വദേശി ദീദിൽ രാജീവൻ എന്നയാളാണ് ആദ്യം നോർക്കയുമായി ബന്ധപ്പെട്ടത്. രാജീവന്റെ ഫോൺ നമ്പരും ഇ മെയിൽ വിലാസവും സഹിതമാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്.

നോർക്ക സി. ഇ. ഒ ഹരികൃഷ്ണൻ നമ്പൂതിരി സർക്കാരിനെ വിവരം ധരിപ്പിച്ചു. കുടുങ്ങിപ്പോയ ചിലരെ അദ്ദേഹം നേരിട്ട് വിളിക്കുകയും ചെയ്‌തു. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദേശ മന്ത്റാലയത്തെ നോർക്ക വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. കുടുങ്ങിയവരെ അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ കാബൂൾ വിമാനത്താവളത്തിൽ എത്തിച്ച് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുമെന്നാണ് വിവരം.

എല്ലാവരെയും തിരിച്ചെത്തിക്കും:

കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ പ്രത്യേക വിമാനം അയച്ച് മലയാളികൾ അടക്കമുള്ളവരെ കൊണ്ടുവരുമെന്ന് കാബൂളിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടാണ്ഠൻ പറഞ്ഞു. നിരവധി ഇന്ത്യക്കാർ കാബൂളിലും മറ്റും ജോലി ചെയ്യുന്നുണ്ട്. അവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായി ജോലിക്കെത്തിയ പലരും എംബസിയിൽ രജിസ്റ്റർ ചെയ്യാത്തതാണ് കാരണം. ഇത്തരം സാഹചര്യങ്ങളിലാണ് രജിസ്ട്രേഷൻ പ്രയോജനപ്പെടുന്നത്. കുടുങ്ങിയവരുടെ വിവരങ്ങൾ വിദേശ മന്ത്രാലയം ശേഖരിച്ചുവരികയാണെന്നും ഹെൽപ് ഡെസ്‌ക് തുറന്നിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.

പ്രധാനമന്ത്രി യോഗം വിളിച്ചു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം വിളിച്ചു. അഫ്ഗാനിലെ പുതിയ സാഹചര്യങ്ങളും അത് ദേശീയ സുരക്ഷയ്‌ക്കുണ്ടാക്കുന്ന ഭീഷണിയും യോഗം ചർച്ച ചെയ്‌തു. സമിതി അംഗങ്ങളായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ,​ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എംബസി പ്രവർത്തിക്കും

കാബൂളിലെ ഇന്ത്യൻ എംബസി പൂർണമായി അടച്ചിട്ടില്ല. പ്രാദേശിക ജീവനക്കാരെ വച്ച് എംബസി പ്രവർത്തിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങാനുള്ള നിരവധി പേരുടെ അപേക്ഷകൾ എംബസിയിൽ ലഭിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here