തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കർ എം ബി രാജേഷ്. ഭഗത് സിങ്ങിനെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നുകാട്ടി യുവമോർച്ച ഡൽഹി പോലീസിന് നൽകിയ പരാതിക്കു പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.

വാരിയംകുന്നന്റെ മരണവും ഭഗത് സിങ്ങിന്റെ മരണവും തമ്മിൽ സമാനതയുണ്ട്. ആ സമാനതയാണ് താരതമ്യം ചെയ്തത്. മുന്നിൽ നിന്നും വെടിവെയ്ക്കണമെന്ന് വാരിയംകുന്നൻ പറഞ്ഞു. വെടിവെച്ചാൽ മതിയെന്നു പറഞ്ഞ് കത്തയച്ചയാളാണ് ഭഗത് സിങ്. വാരിയംകുന്നനെ മതഭ്രാന്തനാക്കി ചിത്രീകരിക്കുന്നത് തെറ്റാണെന്നും എം ബി രാജേഷ് പറഞ്ഞു, 

മലബാർ ലഹളയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാതിക്കിടയാക്കിയ പരാമർശം എം ബി രാജേഷ് നടത്തിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണ് വാരിയംകുന്നൻ. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ അദ്ദേഹം ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു എം ബി രാജേഷ് പറഞ്ഞത്.

അതേസമയം, എംബി രാജേഷ് സ്പീക്കർ പദവിയുടെ മാനം കളയുകയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിൻറെ ആങ്കർ ആയി സ്പീക്കർ മാറരുത്. സമൂഹത്തിൽ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കർ ഇടപെടേണ്ടത്. കേരളത്തിൻറെ സ്പീക്കറിൽ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. താലിബാൻറെ സ്പീക്കറെ പോലെയാണ് എം ബി രാജേഷ് ലൈബ്രറി കൗൺസിൽ പരിപാടിയിൽ സംസാരിച്ചതെന്ന് ഗോപാലകൃഷ്ണൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here