തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഈ ഞായറാഴ്ച  മുതൽ ശക്തമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കും. ആവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക. യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആളുകൾ പുറത്തിറങ്ങാൻ പടുള്ളൂ.

സ്വാതന്ത്രദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനജീവിതം സാധാരണ നിലയിൽ എത്തിയിരുന്നു. ഇളവുകൾ നിലവിൽ വന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചകളിൽ നിയന്ത്രണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ശനിയാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം വീണ്ടും നടപ്പാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. വാരാന്ത്യ ലോക്ക്ഡൗണിനെതിരെ ഒരു വിഭാഗം എതിർപ്പ് ശക്തമാക്കിയിരുന്നു. ഈ എതിർപ്പ് അവഗണിച്ചാണ് ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ഓണവുമായി ബന്ധപ്പെട്ട് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ കൊവിഡ് വ്യാപനത്തിനും കേസുകൾ വർധിക്കാനും കാരണമായെന്നുമാണ് വിലയിരുത്തൽ. ഹോം ക്വാറന്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തമാകാൻ കാരണമായി. പുതിയ കൊവിഡ് കേസുകളിൽ 35 ശതമാനം പേർക്കും ഹോം ക്വാറന്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധയുണ്ടായതെന്ന ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് രോഗബാധ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് വീടുകളിൽ നിന്നു തന്നെയാണ്. വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്.

‘വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം’ – എന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉയർന്ന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് കേരളത്തിൽ ആശങ്ക ശക്തമാക്കുന്നത്. ആരോഗ്യവകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. വ്യാഴാഴ്ച 30,007 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,000 കഴിഞ്ഞു. 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here