തിരുവനന്തപുരം : കേരളത്തിൽ അധികം വൈകാതെ തന്നെ
സൈബർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടെ ഈ വിഭാഗം ഉള്ള ഇന്ത്യയിലെ ആദ്യ സേന ആയി കേരള പോലീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് സൈബർ ഡോമിന്റെ നേതൃത്തിൽ സംഘടിപ്പിച്ച ഹാക്ക് പി 2021 ന്റെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.

സാങ്കേതിക രംഗത്ത് പോലെ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും കേരള പോലീസ് ഏറെ മുന്നിൽ ആണ്. ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സമയത്ത് ഡാർക്ക്‌ നെറ്റിനെതിരെ കേരള പോലീസ് ഹാക്ക് പി യിലൂടെ വികസിപ്പിച്ചു എടുത്ത ഗ്രേപ്നേൽ സോഫ്റ്റ്‌വെയർ കേരള പോലീസിന് പുറമെ രാജ്യത്തിന് തന്നെ മുതൽ കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൈനൽ റൗണ്ടിൽ എത്തിയ 25 പേർക്ക് വേണ്ടി ജോബി എൻ ജോൺ, രാഹുൽ സുനിൽ, ഹർ ഗോവിന്ദ് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും സമ്മാന തുക ആയ 10 ലക്ഷം രൂപയുടെ ചെക്ക് ഏറ്റു വാങ്ങി.

ഇന്ത്യയിൽ ആദ്യമായി കേരളാ പോലീസാണ് ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കുന്നതിനും , ഡാർക്ക് വെബിലെ ക്രൈമുകൾ അനലൈസ് ചെയ്യുന്നതിനും ഡാർക്ക് വെബിലെ പോലീസിങ്ങിനു ആവശ്യമായ രീതിയിലുമുള്ള ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു . രാജ്യത്തെ മറ്റു പല ലോ എൻഫോഴ്സ്മെന്റ് ഏജൻസികളും പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളും ഈ സോഫ്റ്റ് വെയറിന്റെ സവിശേഷതകളെകുറിച്ചും ഉപയോഗത്തെക്കുറിച്ചും സർവീസിനെകുറിച്ചും അന്വേഷിച്ചറിയുകയും ഡാർക്ക് വെബുമായി ബന്ധപ്പെട്ട മേഖലയിൽ കേരളാ പോലീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള താല്പര്യവും അറിയിച്ചിട്ടുണ്ട് . “Grapnel ” എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ ആപ്ലിക്കേഷൻ കേരളാ പോലിസിനും നമ്മുടെ രാജ്യത്തിനും എടുത്തു പറയത്തക്ക രീതിയിലുള്ള ഒരു നേട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി വിദഗ്ദ്ധർക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് ഈ അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. തീം സൂചിപ്പിക്കുന്നത് പോലെ, ഡാർക്ക് വെബിന്റെ നിഗൂഢതകൾ ദുരുപയോഗം ചെയ്തു നടത്തുന്നതായ സൈബർ ക്രൈമുകൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.

മുൻ വർഷങ്ങളിൽ നടന്ന ഹാക്കത്തോണുകളിൽ നിന്നും വ്യത്യസ്തമായി ഡാർക്ക് നെറ്റിലെ ക്രൈമുകൾ കണ്ടെത്തുന്നതിനും ഡാർക്ക് നെറ്റിലെ ഫലപ്രദമായ പോലീസിങ്ങിനും വേണ്ടി അഡ്വാൻസ് ഡാർക്ക്നെറ്റ് സെർച്ച് എൻജിൻ , ഇന്റലിജന്റ് ഡാർക്ക് നെറ്റ് മോണിറ്ററിങ് ,ഡിസെക്ടിങ് ഡാർക്‌വെബ് എന്നീ സവിശേഷതകൾ ഒരൊറ്റ സോഫ്റ്റ് വെയറിൽ തന്നെ ലഭ്യമാക്കിക്കൊണ്ടുള്ള ഒരു ഡാർക്ക് നെറ്റ് പൊലീസിങ് ആപ്ലിക്കേഷനാണ് ഹാക്ക് പി 2021 ലൂടെ നിർമ്മിച്ചത് .

2021 മാർച്ച് 15 നു ആരംഭിച്ച ഹാക്കത്തോൺ രജിസ്‌ട്രേഷനിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ്, യൂസർ ഇന്റർഫേസ് /യൂസർ എക്സ്പീരിയൻസ് ഡിസൈനേഴ്സ്, ഇൻവെന്റർസ്, ഡാർക്ക്‌ വെബ് റിസർച്ചേഴ്‌സ് എന്നീ മേഖലകളിലുള്ളവരുടെ 360 ഓളം അപേക്ഷകൾ ലഭിക്കുകയും അവരിൽ നിന്നും സൈബർഡോം നോഡൽ ഓഫീസറായ മനോജ് എബ്രഹാം ഐ പിഎസ്സ് , ഐടി മേഖലയിലെ വിദഗ്ദ്ധരും സൈബർഡോമിലെ പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട സൈബർഡോം വോളൻഡിയർമാരും ഉൾപ്പെട്ട സംഘം നടത്തിയ ആദ്യ ഘട്ട സ്‌ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുത്ത 165 പേർക്ക് ഹാക്കത്തോണിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ മികച്ച രീതിയിൽ ടെക്നിക്കൽ / പ്രോഗ്രാമിങ് സ്കിൽ പ്രകടിപ്പിച്ച 25 പേരെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കയും ചെയ്യുകയുമായിരുന്നു .
സോഫ്റ്റ് വെയർ നിർമ്മിക്കുന്നതിനായി ഐടി മേഖലയിലെ വിദഗ്ദ്ദരായ മെന്റർ മാരും സൈബർഡോമിലെ പോലീസ് ഉദ്യോഗസ്ഥരും സൈബർഡോം വോളൻഡിയർ മാരും ഉൾപ്പെടുന്ന വിദഗ്ധ സംഘം ഈ തിരഞ്ഞെടുത്ത 25 പേർക്ക് സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനാവശ്യമായ മാർഗ നിർദ്ദേശങ്ങളും അവർക്കു ആവശ്യമായ രീതിയിൽ ടെക് നോളജിയിലും , പ്രോഗ്രാമിങിലും വേണ്ട അറിവുകൾ നൽകി ആപ്ലിക്കേഷൻ നിർമാണത്തിന് അവരെ സജ്ജരാക്കുകയും ചെയ്തു. 2021 ജൂലൈ 5 ന് ആരംഭിച്ച ആപ്ലിക്കേഷൻ ഡെവലപ്മെന്റ് സെപ്റ്റംബർ 1 -നാണ് അവസാനിച്ചത് . വിദഗ്ധരായ ഈ മെൻറ്റർ മാരുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ ആപ്ലിക്കേഷൻ ഡെവലപ്മെന്റിന്റെ ഓരോ ഘട്ടവും പൂർത്തീകരിച്ചത്.
ഡാർക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ , ചൈൽഡ് പോണോഗ്രാഫി , മയക്കുമരുന്ന് കച്ചവടം , ആയുധ വ്യാപാരം , സാമ്പത്തിക തട്ടിപ്പുകൾ ,റാൻസംവെയർ സർവീസ് ,മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുവാനും അതിലൂടെ നമ്മുടെ രാജ്യത്തിൻറെ സൈബർ സുരക്ഷ കൂടുതൽ ഉറപ്പു വരുത്താനും ഇത് വഴി സാധിക്കും.


ഗതാ​ഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ,
ഡിജിപി അനിൽ കാന്ത് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, , എഡിജിപി (L&O ) വിജയ് സാഖറേ ഐപിഎസ്, പേടിഎം സീനിയർ വൈസ് പ്രസിഡന്റ് ജതീന്ദർ താങ്കർ, എസ്.ബി.ഐ ജനറൽ മാനേജർ ഇന്ദ്രാനിൽ ബഞ്ച, ഡിഐജി പി.പ്രകാശ് ഐപിഎസ് തുടങ്ങിയർ പങ്കെടുത്തു.

ചടങ്ങിൽ വച്ചു ബെസ്റ്റ് പോലീസ് സ്റ്റേഷൻ അവാർഡ് നേടിയ, തമ്പാനൂർ, ഇരിങ്ങാലക്കുട, കുന്നമംഗലം പോലീസ് സ്റ്റേഷനുകൾക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here