തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അല്പം കുറയുമ്പോഴും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്ക ഉയർത്തുന്നു. ഇന്നലെ മാത്രം 181 പേരാണ് കൊവിഡ് മൂലം മരിച്ചത്. അതേസമയം 20,487 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇത് മുൻദിവസങ്ങളെക്കാൾ കുറവെന്നതാണ് നേരിയ ആശ്വാസം നൽകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസം ഇത് 16.53 ശതമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 16.88 ശതമാനവും.

രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നതിന്റെ ആശ്വാസം ഉണ്ടെങ്കിലും വർദ്ധിക്കുന്ന മരണനിരക്കിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ആരോഗ്യ വകുപ്പ്. രാജ്യത്തെ മരണസംഖ്യയുടെ പകുതിയോളം കേരളത്തിൽ ആണെന്നതാണ് ഭീതി കൂട്ടുന്നത്. ഇന്നലെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 308 . ആണ്. കേസ് കൂടിയാലും മരണനിരക്ക് പിടിച്ച് നിർത്താൻ കഴിയുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഈ ന്യായമാണ് ഇപ്പോൾ പൊളിയുന്നത്.

അതിനിടെ സംസ്ഥാനത്ത് ലോക്‌ഡൗൺ പൂർണമായും ഒഴിവാക്കിയതിനുശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഗതാഗതം സാധാരണ നിലയിലാണ്. ഐ പി ആര്‍ എട്ടോ എട്ടില്‍കൂടുതലോ ഉളള പ്രദേശങ്ങളില്‍ മാത്രമാണ് നിയന്ത്രണം ഉള്ളത്. ഇവിടങ്ങളിൽ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടുപിടിക്കാനുള്ള പരിശോധനയും തുടരുന്നു. അതിനിടെ കൊവിഡ് പോസിറ്റീവായവർ രണ്ടുമാസത്തിനുളളില്‍ വീണ്ടും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here