തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകൾ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയിൽ വിതരണം ചെയ്തത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ പാർപ്പിടം നൽകും ലക്ഷ്യമിട്ടിരിക്കുന്നത്. ഭൂരഹിതർക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നൽകുന്ന പദ്ധതി വിപുലീകരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ കൃഷിഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തും. ആദിവാസികളുടെ ഭൂപ്രശ്‌ന പരിഹാരത്തിന് തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ എന്നിവ ഉപയോഗപ്പെടുത്തും. യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകാനും ക്ഷേമപദ്ധതികളിലെ അനർഹരെ കണ്ടെത്താനും സഹായകരമാകും.

മിച്ചഭൂമിയും അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കും. നിസ്വരും ഭൂരഹിതരുമായവർക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാൻഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റൽ സർവ്വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബിൽഡ് കേരളക്ക് നൽകിക്കഴിഞ്ഞു. നാല് വർഷം കൊണ്ട് സർവ്വേ പൂർത്തീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here