പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. കമ്പനി ഉടമ തോമസ് ഡാനിയേലിന്റെയും മകളും സി ഇ ഒയുമായ റിനു മരിയത്തിന്റെയും ഉടമസ്ഥതയിലുള്ള പതിനാല് കോടിരൂപയുടെ സ്വർണം, പത്ത് കാറുകൾ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇവർക്കുണ്ടായിരുന്ന ഭൂമിയും കെട്ടിടങ്ങളും ഉൾപ്പടെ മുപ്പത്തി ഒന്ന് കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.

ബാങ്കിലുള്ള സ്ഥിര നിക്ഷേപങ്ങളും കണ്ടു കെട്ടിയവയിൽപ്പെടുന്നു. കഴിഞ്ഞ മാസം പത്താം തീയതിയായിരുന്നു സാമ്പത്തിക തട്ടിപ്പ് കേസിൽ തോമസ് ഡാനിയേലിനെയും, മകൾ റിനു മറിയത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പാണ് പോപ്പുലർ ഗ്രൂപ്പ് ഉടമകൾ നടത്തിയതായാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലുൾപ്പടെ ഇരുനൂറ്റി എഴുപത് ബ്രാഞ്ചുകളിലാണ് ഉടമസ്ഥരായ തോമസ് ഡാനിയേലും മക്കളും ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 1600 ഓളം നിക്ഷേപകരിൽ നിന്ന് സ്വർണവും പണവും ഉടമകൾ വാങ്ങിയിരുന്നു. ഇതു സംബഡിച്ച് 1368 കേസുകൾ സിബിഐയുടെ അന്വേഷണ പരിധിയിലാണ് . പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ പറ്റിക്കപ്പെട്ടവരുടെ പ്രതിഷേധം തുടരുമ്പോഴാണ് കേസിൽ വഴിതിരിവ് ഉണ്ടായിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here