കൊച്ചി : കോൺഗ്രസ് നേതാവായിരുന്ന പി സി ചാക്കോ എൻ സി പിയിൽ എത്തിയതോടെ ആരംഭിച്ച അസ്വസ്ഥതകൾ കൂടുതൽ പരസ്യമാവുന്നു. പി സി ചാക്കോ എൻ സി പിയിൽ ചേരുകയും സംസ്ഥാന അധ്യക്ഷനാവുകയും ചെയ്തതോടെ പരമ്പരാഗത എൻ സി പി നേതാക്കളെ ഒതുക്കാൻ നീക്കമെന്നാണ് ഉയരുന്ന ആരോപണം. ചാക്കോ എൻ സി പിയെ ഹൈജാക്ക് ചെയ്തുവെന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം. ശശീന്ദ്രൻ ഏറെ ബുദ്ധിമുട്ടിയാണ് മാണി സി കാപ്പനെ ഒതുക്കി പാർട്ടിയിൽ നിന്നും പുറത്തു ചാടിച്ചത്. ഇതോടെ എൻ സി പി സംസ്ഥാന നേതൃത്വം തന്റെ കൈകളിൽ എത്തിയെന്ന് ആശ്വസിച്ച എ കെ ശശീന്ദ്രനും അനുയായികൾക്കും ചാക്കോയുടെ വരവ് വലിയ തിരിച്ചടിയായി.

ദേശീയതലത്തിൽ വലിയ പിടിപാടുള്ള പി സി ചാക്കോ എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ്. ദേശീയതലത്തിൽ വലിയ പിടിപാടില്ലാത്ത എ കെ ശശീന്ദ്രന് സംസ്ഥാനത്തെ മറ്റു നേതാക്കളുടെ വികാരങ്ങൾ ദേശീയതലത്തിൽ എത്തിക്കാൻ കഴിയാത്തതും തിരിച്ചടിയായിരിക്കയാണ്.
എൻ സി പി മന്ത്രിയായി കുട്ടനാട് എം എൽ എ തോമസ് കെ തോമസിനെ   കൊണ്ടുവരണമെന്ന മുൻ സംസ്ഥാന അധ്യക്ഷന്റെ  ആവശ്യം ആദ്യം വെട്ടിയത് പി സി ചാക്കോയായിരുന്നു. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ  എ കെ ശശീന്ദ്രൻ പാർട്ടിയിൽ കലാപം സൃഷ്ടിക്കുമെന്ന് വ്യക്തമായി അറിയാവുന്ന ചാക്കോ എ കെ ശശീന്ദ്രനായി നിലകൊണ്ടു.
എന്നാൽ ചാക്കോയുടെ വിശ്വസ്തരെ മന്ത്രിയുടെ സ്റ്റാഫിൽ വച്ചു. ഇതോടെ മന്ത്രിയിലും ചാക്കോയുടെ ആധിപത്യം വർധിച്ചു.
സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പി സി ചാക്കോ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here