കോഴിക്കോട് : നഗരത്തിൽ സുചിത്വ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന റസിഡൻസ് അസോസിയേഷനുകൾ നഗരസഭയിൽ രജിസ്ട്രർ ചെയ്യണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്.

നിലവിൽ സൊസൈറ്റി ആക്ട് അനുസരിച്ച് റജിസ്ടർ ചെയ്ത് പ്രവർത്തിക്കുന്ന എല്ലാ അസോസിയേഷനും സെപ്തംബർ 28നകം രജിസ്ടർ ചെയ്യണമെന്നാണ് അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ച സന്ദേശം.

അസോസിയേഷൻ്റെ ഭരണഘടനയുടെ രണ്ട് പകർപ്പ്, അസോസിയേഷൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്ന വാർഡ് കൗൺസിലറുടെ കത്ത്, കോഴിക്കോട് നഗരസഭയിൽ രജിസ്ടർ ചെയ്യണമെന്ന് യോഗം ചേർന്ന് രേഖപ്പെടുത്തിയ മിനിട്സ് പകർപ്പ് എന്നിവ നിശ്ചിത ഫോറത്തോടൊപ്പം നഗരസഭ ഓഫീസിൽ 100 രൂപ അടച്ച് രജിസ്ടർ ചെയ്യണം.

നിലവിൽ റസി. അസോസിയേഷനുകൾ സൊസൈറ്റി ആക്ട് പ്രകാരം നേരത്തെ രജിസ്ട്രർ ചെയ്ത് പ്രവർത്തിച്ചു വരികയാണ്. എന്നാൽ നഗരസഭയുമായി ബന്ധപ്പെട്ട ശുചിത്വ പ്രവർത്തനങ്ങൾ കൃത്യമായി താഴെ തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഈ രജിസ്ട്രേഷൻ എന്നു പറയുന്നു. നേരത്തെ വാർഡിൻ്റ നേതൃത്വത്തിലായിരുന്നു വീടുകളിൽ നിന്നും മാലിന്യനീക്കം നടന്നിരുന്നത്. ഇതു പിന്നീട് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലായി റസി. അസോസിയേഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. എന്നാൽ പല റസി. അസോസിയേഷനും സഹകരണം കുറവായിരുന്നു എന്ന പരാതി ഹരിത കർമ്മ സേന ഉന്നയിച്ചിരുന്നു. മാത്രവുമല്ല ഉപയോഗശൂന്യമായ ഒരു ചാക്ക് മാലിന്യത്തിന് പ്രതിമാസം 60 രൂപ നിജപ്പെടുത്തിയെങ്കിലും പലരും നൽകാറില്ല.

ഓരോ വാർഡിലും കുറഞ്ഞത് 20 റസി.? അസോസിയേഷനെങ്കിലും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മഹാമാരി വന്നതോടെ പലതും നിർജീവമായി നിൽക്കുന്ന അവസ്ഥയിലാണ് നഗരസഭയുടെ ആരോഗ്യമേഖലയുടെ പുതിയ ചുവട് വയ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here