വയനാട്: ബത്തേരിയിലെ അർബൻ ബാങ്ക് നിയമനം സംബന്ധിച്ച് കൂടുതൽ കോഴ ആരോപണങ്ങൾ. കോൺഗ്രസ് ഭരിച്ച മുൻ ബാങ്ക് ഭരണസമിതിയും കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പൊതു പ്രവർത്തകനായ സൂപ്പി പള്ളിയാൽ പുറത്തുവിട്ടു. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി ബത്തേരിയിൽ സ്ഥാനാർഥിയായ എം എസ് വിശ്വനാഥനും പണം കൈപറ്റിയതായി രേഖയിലുണ്ട്.

സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുൻ ഭരണ സമിതിയും നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വരുന്നത്. പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്കുള്ള 13 നിയമനങ്ങളിൽ 1.14 കോടി രൂപ കൈകൂലിയായി കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതി കൈപ്പറ്റിയെന്ന് സൂപ്പി പള്ളിയാൽ പുറത്തുവിട്ട രേഖകളിൽ വ്യക്തമാകുന്നു.

പ്രസിഡന്റടക്കം 14 അംഗ ഭരണസമിതി ഇതിൽ നിന്ന് 5 ലക്ഷം രൂപ വീതം കൈപ്പറ്റി. ഡി സി സി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ, ജില്ല കോൺഗ്രസ് ഓഫീസ് നിർമ്മാണത്തിനായി എട്ട് ലക്ഷം രൂപ അന്നത്തെ ബാങ്ക് പ്രസിഡന്റ് കെ പി തോമസിൽ നിന്നു കൈപ്പറ്റിയ രേഖകളും സൂപ്പി പള്ളിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.

കെ പി സി സി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് സി പി എം സ്ഥാനാർഥിയുമായ എം എസ് വിശ്വനാഥനും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനും കൈകൂലി വാങ്ങിയെന്നാണ് ആരോപണം. നേരത്തെ ഡി സി സി അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബത്തേരി അർബൻ ബാങ്ക് ചെയർമാൻ സണ്ണി ജോർജിനെയും ഡിസിസി മുൻ ട്രഷറർ കെകെ ഗോപിനാഥനെയും കെപിസിസി ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളാണ് വഞ്ചിക്കപ്പെട്ടത്. നൽകിയ പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here