തിരുവനന്തപുരം: മാസങ്ങളായി തകർന്ന് കിടക്കുന്ന ശംഖുമുഖം-വിമാനത്താവളം റോഡ് കേരളവികസനത്തിന്റെ തനിപകർപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തലസ്ഥാനത്തെ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കേരളത്തിന് അപമാനമാണെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണുള്ളത്. കേരളത്തിന്റെ വികസനത്തിന്റെ മാതൃക ചോദ്യം ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന സ്മാർട്ട്സിറ്റി, വിമാനത്താവള വികസനം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാകുമ്പോൾ ഒരു റോഡ് നിർമ്മിക്കാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. വിമാനത്താവള റോഡ് മാസങ്ങളായി പരിഹരിക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതുവരെ നടന്ന അറ്റകുറ്റ പണികളെല്ലാം അശാസ്ത്രീയമാണ്. ഈ നിലയിലാണ് റോഡ് നിർമ്മിക്കുന്നതെങ്കിൽ അതും ജനങ്ങൾക്ക് ഉപദ്രവമാകും. റോഡ് പണിയുടെ പേരിൽ തീരദേശവാസികൾക്ക് ആശുപത്രിയിൽ പോകാൻ ഒരു ഓട്ടോറിക്ഷ പോലും കടത്തിവിടാത്ത സ്ഥിതിയാണുള്ളത്. സ്ഥലം എംപിയും മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന മന്ത്രിയും വോട്ട് ചെയ്ത് ജയിപ്പിച്ച ജനത്തിന്റെ ദുരിതത്തിന് മറുപടി പറയണം. നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളുമായി ചേർന്ന് ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന വൈസ്പ്രസിഡന്റ് വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, കരമന ജയൻ, വിജയൻ തോമസ്, ഒബിസി മോർച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, സിനിമാതാരം കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം-വിമാനത്താവളം റോഡ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here