ഇടുക്കി: മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിറ്റ്കോ ഏറ്റെടുത്ത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലയെന്നും അതിനുള്ള കാരണങ്ങളും യോഗത്തിൽ വിശദമാക്കാൻ മന്ത്രി അവരോട് ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും മന്ത്രി കിറ്റ്കോയോട് പറഞ്ഞു.

പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ആർഎംഒ, ഡിപിഎം എന്നിവരടങ്ങുന്ന ടീം ആഴ്ചയിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. ടീമിന്റെ നോഡൽ ഓഫീസർ ആയി വൈസ് പ്രിൻസിപ്പൽ ഡോ. ആർ നിഷയെ ചുമതലപ്പെടുത്തി. കൂടാതെ ടീം നിർബന്ധമായും ദിവസേന പണികളുടെ പുരോഗതി അവലോകനം ചെയ്യണം.
ഇടുക്കിയിൽ നിയോഗിച്ച ജീവനക്കാർ ലീവ് എടുത്തു പോകാനോ വർക്കിംഗ് അറേഞ്ച്മെന്റ് ലോ മറ്റു ആശുപത്രിയിൽ പോകാൻ പാടില്ല. മെഡിക്കൽ കോളേജ് ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. 2022 – 23 ൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
  നാഷണൽ മെഡിക്കൽ കൗൺസിലിന്റെ  അംഗീകാരത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രണ്ടു മാസത്തിനുള്ളിൽ ഇവരുടെ സന്ദർശനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിലെ നിലവിലെ ജീവനക്കാരുടെ കുറവ് നികത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.   മന്ത്രി നിയോഗിച്ച ടീം നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വരാൻ ഇടവരരുത്. എന്ത് ആവശ്യം ഉണ്ടേലും പരിഹരിക്കാൻ സർക്കാർ  ബാധ്യസ്ഥരാണ്. എന്നാൽ കൃത്യസമയത്ത് അത് സർക്കാരിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

50 ഏക്കർ ജില്ലാ പഞ്ചായത്ത് മെഡിക്കൽ കോളേജിന് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും ഭൂമി തരാൻ പഞ്ചായത്ത് ഒരുക്കമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.

യോഗത്തിൽ മെഡിക്കൽ കോളേജ് ആർഎംഒ ഡോ. അരുൺ എസ് മെഡിക്കൽ കോളേജിന്റെ നിലവിലെ പുരോഗതിയും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന സൗകര്യങ്ങളും വ്യക്തമാക്കാൻ പ്രസന്റേഷൻ അവതരിപ്പിച്ചു. യോഗത്തിൽ ഡീൻ കുര്യക്കോസ് എംപി, എംഎം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ രാഹുൽകൃഷ്ണ ശർമ, മെഡിക്കൽ കോളേജ് എച്ച്എംസി അംഗം സിവി വർഗീസ്, ഇടുക്കി മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ എൻ റോയ്, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ ആർ നിഷ, വിവിധ വകുപ്പ് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here