കൊച്ചി : പെരിയാർ ഇക്കോ ടൂറിസം സർക്യൂട്ടിൽ ആലുവ മണപ്പുറത്തിന്റെയും അനുബന്ധ പെരിയാർ തീരമേഖലയുടെയും സമഗ്ര വിനോദ സഞ്ചാര ആസൂത്രണത്തിനായുള്ള പ്രാഥമിക രൂപരേഖ തയാറാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. പൂർണ്ണമായും പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിലധിഷ്ഠിതമായ പദ്ധതിയാണ് നടപ്പിലാക്കുക

കാരവൻ പാർക്ക്, സൈക്കിൾ ജോഗിംഗ് ട്രാക്ക് , വ്യായാമ സൗകര്യങ്ങൾ, ടെന്റിംഗ്, ഫിഷിംഗ്, പ്രകൃതി സൗഹൃദ ജലകായിക വിനോദ സൗകര്യ കേന്ദ്രം, കൂടാതെ തീത്ഥാടക ടൂറിസം സേവന സൗകര്യങ്ങൾ, എക്‌സിബിഷൻ ഗ്രൗണ്ടിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ പരിഗണിക്കും.

പരുന്ത് റാഞ്ചി ദ്വീപും, ആലുവ ഹരിത വനവും കളക്ടർ സന്ദർശിച്ചു. ഡിറ്റിപിസിയുടെ ഹരിത വനം പാർക്കിലെ ബോട്ട്‌ലാന്റിംഗ് ജെട്ടി, ടിക്കറ്റ് കൗണ്ടർ , സംരംക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി അൻവർ സാദത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ വിലയിരുത്തി.

ടൂറിസം യോയിന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ , അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ് , ഡിറ്റിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോണി തോട്ടക്കര, ഡിറ്റിപിസി സെക്രട്ടറി വിജയകുമാർ എസ് , തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here