ആലപ്പുഴ: സിപിഎം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലെ ബ്രാഞ്ച് സമ്മേളനങ്ങളാണ് അവസാന നിമിഷം മാറ്റിയത്. പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി ചേർക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് സമ്മേളനം നിർത്തിവെച്ചത്. മൂന്ന് ദിവസം പാർട്ടി പത്രത്തിലേക്ക് വരിസംഖ്യ കൂട്ടാൻ ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ജനപ്രതിനിധികളും പാർട്ടി നേതാക്കളും സജീവമായി പത്രം ചേർക്കാൻ രംഗത്തിറങ്ങണമെന്ന് നിർദ്ദേശം. എട്ട് ബ്രാഞ്ച് സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

സെപ്തംബർ 15 നാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. ഇക്കുറി പാർട്ടി പത്രം വരിസംഖ്യയടപ്പിക്കുന്നതിലടക്കം കർശന മാർഗനിർദ്ദേശങ്ങളുണ്ട്. സംസ്ഥാന ഭരണത്തിൽ കീഴ്ഘടകങ്ങൾ ഇടപെടരുതെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ജില്ലാ കമ്മിറ്റികൾക്ക് താഴെയുള്ളവർ ദൈനംദിന സർക്കാർ പ്രവർത്തനങ്ങളിൽ ഇടപെടരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വേണ്ടി ശുപാർശ ചെയ്യരുതെന്നും നിർദേശമുണ്ട്.

തുടർ ഭരണം കിട്ടിയാൽ അഹങ്കാരികളാകുമെന്ന പ്രതിപക്ഷ വിമർശനം ഓർമ്മിപ്പിച്ചാണ് സി പി എം കുറിപ്പ്.  മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വരുമ്പോൾ സ്ഥാനങ്ങളിൽ ഇളക്കം തട്ടുമെന്ന ആശങ്ക വേണ്ടെന്നും ഓർമിപ്പിക്കുന്നുണ്ട്. ഉദ്ഘാടന പ്രസംഗത്തിനുളള കുറിപ്പിലാണ് നിർദേശങ്ങളുള്ളത്.

ബ്രാഞ്ച് കമ്മറ്റി തെരഞ്ഞെടുപ്പുകളിൽ മത്സരം തടയാനും കർശനമായ മാർഗരേഖയാണ് സിപിഎം സംസ്ഥാന നേതൃത്വം തയാറാക്കിയിരിക്കുന്നത്. പരമാവധി സ്ത്രീകളെ നേതൃതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് തീരുമാനം. മുഴുവൻ സമയ പ്രവർത്തനത്തിന് സാധിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്നും കൂടുതൽ വനിതകളുള്ള ബ്രാഞ്ചിൽ സ്ത്രീകളെ തന്നെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്നുമാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here