കണ്ണൂർ: മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ ബന്ധം കമ്യൂണിസ്റ്റുകാരോടായിരുന്നെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതുകൊണ്ട് ഗോഡ്‌സെയുടെ ചരിത്രം കമ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതിയെന്ന് കൃഷ്ണദാസ് പറഞ്ഞു. ഗോഡ്‌സെക്ക് പ്രത്യേക രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്നെന്നും അതിലെ അംഗങ്ങൾക്ക് കമ്യൂണിസ്റ്റുകാരോടായിരുന്നു ബന്ധമെന്നും കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിനിടെയാണ് വിചിത്ര വാദവുമായി കൃഷ്ണദാസ് രംഗത്തെത്തിയത്.

ഗോഡ്‌സെയുടെ പാർട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകളൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നു. പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം മനസിലാകും. ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന എൻ സി ചാറ്റർജിയുടെ മകനാണ് സോമനാഥ് ചാറ്റർജി. അദ്ദേഹത്തിന്റെ കുടുംബത്തിനു കമ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു. എൻ സി ചാറ്റർജിയും സോമനാഥ് ചാറ്റർജിയും കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ഹിന്ദു മഹാസഭയിൽ നിന്നുകൊണ്ടാണ് എൻ സി ചാറ്റർജി ഇടതുപക്ഷ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. സോമനാഥ് ചാറ്റർജി പിന്നീട് കമ്യൂണിസ്റ്റുകാരൻ ആയിട്ടുണ്ടാകാം. അക്കാര്യം നിഷേധിക്കുന്നില്ല. അതിനാൽ ഗോഡ്‌സെയുടെ ചരിത്രം കമ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതി. ഗാന്ധിജിയുടെ സ്വപ്നങ്ങൾ നടപ്പായത് മോദിയുടെ ഭാരതത്തിലാണെന്നും നെഹ്‌റുവിന്റെ ഭാരതത്തിലല്ലെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.

ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസ് ആകുമായിരുന്നെന്ന് പി കെ കൃഷ്ണദാസ് ഗാന്ധി ജയന്തി ദിനത്തിൽ പറഞ്ഞിരുന്നു. ‘ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധിജി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു. ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമ്മസിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി. ഇത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും കേസെടുക്കാനുള്ളവർ കേസ് എടുക്കട്ടെ.’ എന്നായിരുന്നു പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here