കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയാക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് സാമ്പിൾ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയിൽ എത്താനായി സുരേന്ദ്രന് നോട്ടീസ് നൽകിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിൻറെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒൻപതരയ്ക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസിൽ കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം ചോദ്യംചെയ്തിരുന്നു. കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here