തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്ന് ഒൗദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കലിനു നടപടികളുമുണ്ടാവും.

പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ്‌ കുര്യാക്കോസ് മാർ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും.

ഡോ.മാത്യൂസ് മാർ സേവേറിയോസ് – ജീവിതരേഖ

∙ ജനനം – 1949 ഫെബ്രുവരി 12.

∙ ഇടവക – കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി.

∙ മാതാപിതാക്കൾ – മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്, പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മ.

∙ സ്കൂൾ – സെന്റ് പീറ്റേഴ്സ് എൽപി സ്കൂൾ, സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ എസ് വി ആർവി എൻഎസ്എസ് ഹൈസ്കൂൾ

∙ പ്രീഡിഗ്രി – വാഴൂർ എസ്‌വി ആർ എൻഎസ്എസ് കോളജ്, ഡിഗ്രി – സിഎംഎസ് കോളജ് കോട്ടയം (കെമിസ്ട്രി).

∙ തിയോളജി – ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം

∙ ബിരുദാനന്തര പഠനം – പിജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസന്റൈൻ ഓർത്തഡോക്സ് തിയോളജി. തിയോളജിക്കൽ അക്കാദമി, ലെനിൻഗ്രാഡ്.

∙ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം.

∙ പിഎച്ച്ഡി– മാബൂഗിലെ മാർ പീലക്സിനോസ് പിതാവിന്റെ ക്രിസ്തുശാസ്ത്രം – ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം.

∙ വൈദിക പട്ടം – 1978 ജൂൺ 30.

∙ മേൽപട്ട സ്ഥാന തിരഞ്ഞെടുപ്പ് – 1989 ഡിസംബർ 28.

∙ റമ്പാൻ സ്ഥാനം – 1990 മാർച്ച് 31.

∙ എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം – 1991 ഏപ്രിൽ 30.

∙ മെത്രാപ്പൊലീത്താ – 1993 സെപ്റ്റംബർ 22.

∙ കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത – 1993 സെപ്റ്റംബർ 26ന്.

∙ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത – 2002.

∙ കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു.

∙ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം 2 തവണ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here