കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് സ്ഥാനമേറ്റു. ഇന്ന് രാവിലെ 6.30 പരുമല പള്ളിയിൽ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. സഭയുമായിട്ടുള്ള ഉടമ്പടിയിൽ ഒപ്പുവച്ച പുതിയ ബാവ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പുതിയ പേര് സ്വീകരിച്ചു. ബാവയെ കസേരയിൽ ഇരുത്തി ഉയർത്തി മൂന്ന് പ്രാവശ്യം ‘സർവദാ യോഗ്യൻ’ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ഏറ്റു പറഞ്ഞതോടെയാണ് ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായത്.

കടുത്ത കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. ചടങ്ങുകൾക്ക് ശേഷം മതമേലദ്ധ്യക്ഷന്മാർ പങ്കെടുത്ത അനുമോദനയോഗവും ചേർന്നു.

കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ഡോ മാത്യൂസ് മാർ സേവേറിയോസ് ഇന്നലെയാണ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റത്. കോ‌ട്ടയം സി എം എസ് കോളജിലെ ബിരുദ പഠനത്തിന് ശേഷം സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. തുടര്‍ന്ന് റോമിലായിരുന്നു ബിരുദാനന്തര ബിരുദപഠനം. റോമിലെ ഓറിയന്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് പിഎച്ച്ഡിയും നേ‌‌ടി. 1978ൽ വൈദികപ്പട്ടം സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here