കൊച്ചി:  മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാൻ കാരണം.

സംസ്ഥാനത്ത് പലയിടത്തായി മഴക്കെടുതികൾ തുടരുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറുകളിൽ കേരളത്തിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പത്ത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുള്ളത്.

ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത കാലവർഷ കെടുതികളുടെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ സജീവ ഇടപെടൽ നടത്തുമെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here