പത്തനംതിട്ട : ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.

      യോഗത്തിൽ ജില്ലയിലെ പൊതുസ്ഥിതി വിലയിരുത്തി. അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ മൂന്ന് നദികളായ പമ്പ, മണിമല, അച്ചൻകോവിൽ എന്നിവ അപകട നിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവയെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ക്രമീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തു. ഈ മാസം 20 മുതൽ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിൽ 20, 21 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ 11 മണിയോടെ തുറന്നിട്ടുണ്ട്. 979.9 മീറ്റർ ജലനിരപ്പാണ് ഉണ്ടായിരുന്നത്. രാത്രിയിൽ ഉണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായിരുന്നു. ഇപ്പോൾ അതിന് കുറവ് വന്നിട്ടുണ്ട്. വനമേഖലയിൽ ശക്തമായ മഴയോ, ഉരുൾപൊട്ടലോ ഉണ്ടായാൽ അപകട സാധ്യത കുറയ്ക്കുന്നതിനായാണ് ഡാം ഇപ്പോൾ വളരെ ചെറിയ തോതിൽ ഷട്ടർ ഉയർത്തിയിട്ടുള്ളത്. 15 സെ.മി മാത്രമാകും ജലനിരപ്പ് ഉയരുക. കൃത്യമായ മുന്നറിയിപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ നല്കിയിരുന്നു. 94 ശതമാനം ജലനിരപ്പാണ് ഡാമിൽ ഉണ്ടായിരുന്നത്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here