തിരുവനന്തപുരം/ന്യുഡല്‍ഹി: കുഞ്ഞിനെ കണ്ടെത്താനുള്ള അനുപമയുടെ നിയമപോരാട്ടത്തില്‍ പാര്‍ട്ടി ഒപ്പമുണ്ടെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. പരാതി പാര്‍ട്ടിക്ക പരിഹരിക്കാന്‍ കഴിയില്ല. പരാതിയില്‍ നിയമപരമായ പരിഹാരം കാണണം. പാര്‍ട്ടിയെ കറ്റപ്പെടുത്തേണ്ട, ഒരു തെറ്റിനേയും സി.പി.എം പിന്തുണയ്ക്കില്ല. അനുപമയ്ക്ക് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കാനിരിക്കേയാണ് വിജയരാഘവന്റെ വെളിപ്പെടുത്തല്‍.

കുട്ടിയെ വിട്ടുകിട്ടാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞതായി അനുപമയും ഭര്‍ത്താവ് അജിത്തും പറഞ്ഞിരുന്നു. ഞാനും അമ്മയാണ് അനുപമയുടെ വികാരം തനിക്ക് മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞതായും അവര്‍ പറഞ്ഞു. അനുപമ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനായി എത്തിയിട്ടുണ്ട്. നാളെ ഏതൊരു അമ്മയ്ക്കും സംഭവിക്കാവുന്നതാണ്. പരാതി കിട്ടിയാല്‍ ആറു മാസം കഴിഞ്ഞേ അന്വേഷിക്കുവെന്നാണ് പോലീസ് പറയുന്നത്. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ട്. അവരെ താന്‍ കുറ്റപ്പെടുത്തുന്നില്ല. അവരുടെ അധികാരപരിധിക്കുള്ളില്‍ നിന്നുള്ള സഹായമെങ്കിലും നല്‍കാമായിരുന്നു. അവര്‍ ഒത്തുകളിച്ചുവെന്ന് താന്‍ ആരോപിക്കുന്നു. കുഞ്ഞിനെ എവിടെ ദത്തുകൊടുത്തുവെന്ന് പറയുന്നതല്ലാതെ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല.

തന്റെ സമരം ഒരിക്കലും പാര്‍ട്ടിക്കെതിരെയല്ല, പാര്‍ട്ടിയിലെ ചില നേതാക്കളാണ് തന്റെ ആവശ്യം തള്ളിക്കളഞ്ഞത്. അവര്‍ക്ക് ഇടപെടാന്‍ കഴിയുന്ന സമയത്ത് സഹായിച്ചില്ല. നല്‍കിയ വാഗ്ദാനത്തിന് നന്ദിയുണ്ട്. ഇനി പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല. കോടതി വഴി മാത്രമേ നടപടി ഉണ്ടാകൂ. കുട്ടിക്കു വേണ്ടി പല തവണ പാര്‍ട്ടി ഓഫീസുകളില്‍ പോയി കരഞ്ഞുപറഞ്ഞിട്ടുണ്ട്. അന്നൊന്നും സഹായിച്ചിട്ടില്ല. എ.കെ.ജി സെന്ററില്‍ നേരിട്ട് പോയി രണ്ട് തവണ പരാതി നല്‍കി. ഒരു തവണ വിജയരാഘവനുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും അനുപമ പറഞ്ഞു.

അതേസമയം, അനുപമയോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അനുപമയ്ക്ക് വേണ്ടി താന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃന്ദാ കാരാട്ട് ആണ് ഈ വിഷയം തന്നോട് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

 

അനുപമയുടെ വിഷയത്തില്‍ നടത്തിയ ഇടപെടലുകളൊന്നും വിജയിച്ചില്ലെന്നും തെറ്റുപറ്റിയതായും ഇന്നലെ പി.കെ ശ്രീമതി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ കൂടുതല്‍ പ്രതികരണത്തിനു മുതിരാതെ അവര്‍ പിന്മാറുകയായിരുന്നു.

അതിനിടെ, അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സെന്ററിന് കത്തയച്ചു. 2020 ഒക്‌ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് കത്ത്. ഈ ദിവസങ്ങളില്‍ രണ്ട് ആണ്‍കുട്ടികളെ ലഭിച്ചുവെന്ന് ശിശുക്ഷേമ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കുട്ടികളെ എവിടെ ദത്തുനല്‍കിയെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടില്ല. ആന്ധ്രയിലുള്ള ദമ്പതികള്‍ക്ക് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here