ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സിബിഎസ്ഇ അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍, ഡോ. സി വി ആനന്ദബോസ് ഐഎഎസ് (റിട്ട.), മജിഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും

55-ലേറെ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരും മാനേജര്‍മാരുമുള്‍പ്പെടെ എഴുപതിലേറെപ്പേര്‍ പങ്കെടുക്കും

ഒന്നര വര്‍ഷത്തിനു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംഗമത്തിന്റെ നിലപാടുകള്‍ നിര്‍ണായകം

അധ്യയന രംഗത്ത് നിര്‍മിതബുദ്ധിയ്ക്കുള്ള (എഐ) സാധ്യതകള്‍ ഐഐടികളിലെ വിദഗ്ധര്‍ സംഗമത്തില്‍ അവതരിപ്പിക്കും

കൊച്ചി: മധ്യകേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാര്‍ഷിക സംഗമം ഒക്ടോബര്‍ 29, 30 തീയതികളില്‍ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കുമെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും തയ്യാറെടുപ്പുകളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച സമ്മേളന പ്രതിനിധികളുടെ ചര്‍ച്ചകളാണ് ആദ്യദിനമായ വെള്ളിയാഴ്ചയിലെ പ്രധാന പരിപാടി. രണ്ടാം ദിവസമായ ഒക്ടോബര്‍ 30 ശനിയാഴ്ച രാവിലെ 9-ന് നടക്കുന്ന അക്കാദമിക് സെഷനില്‍ സിബിഎസ്ഇയുടെ പരീക്ഷാ പരിഷ്‌കാരങ്ങള്‍, എന്‍ഇപി തുടങ്ങിയ വിഷയങ്ങളില്‍ സിബിഎസ്ഇ അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഓണ്‍ലൈനില്‍ സ്‌കൂള്‍ മേധാവികളുമായി സംവദിക്കും.
തുടര്‍ന്ന് 10 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാര്‍ഷിക സമ്മേളനം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപദേഷ്ടാവു കൂടിയായ ഡോ. സി വി ആനന്ദബോസ് ഐഎഎസ് (റിട്ട.) ‘കോവിഡ് അനന്തര സാഹചര്യത്തിലെ എഡ്യൂമാനേജ്‌മെന്റ് – വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ ക്ലാസെടുക്കും.

ആശയവിനിമയം എങ്ങനെ മികച്ചതാക്കാം എന്ന വിഷയത്തില്‍ മാജിക്കിന്റെ അകമ്പടിയോടെ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് സംസാരിക്കും. ഉച്ചയ്ക്കു ശേഷം നിര്‍മിതബുദ്ധിക്ക് (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധ്യയനരംഗത്തുള്ള സാധ്യതകളെപ്പറ്റി കാണ്‍പൂര്‍, ചെന്നൈ ഐഐടികളിലെ വിദഗ്ധര്‍ നടത്തുന്ന അവതരണത്തോടെ സംഗമത്തിന്റെ ഔദ്യോഗികപരിപാടികള്‍ അവസാനിക്കും.

കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലുള്ള ആശങ്കകളും നിര്‍ദേശങ്ങളും സംബന്ധിച്ച അഭിപ്രായ രൂപീകരണവും സംഗമത്തിന്റെ അജണ്ടയിലുള്‍പ്പെടുമെന്ന് കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ. ദീപാ ചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ രൂപീകരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംഗമത്തിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറിയും വൈറ്റില ടോക് എച് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ജൂബി പോള്‍ പറഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ സഹോദയയുടെ രണ്ടാം വര്‍ഷ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും സംഗമം ചര്‍ച്ച ചെയ്യും. കോവിഡിനെത്തുടര്‍ന്നുള്ള വെല്ലുവിളികള്‍ കണക്കിലെടുത്ത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ്മാരായ എ.ചെന്താമരാക്ഷന്‍, ഫാദര്‍ വര്‍ഗീസ് കാച്ചപ്പള്ളി എന്നിവര്‍ പറഞ്ഞു.

കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ ദീപാ ചന്ദ്രന്‍ (ശ്രീ ശാരദാ വിദ്യാലയ, കാലടി), സെക്രട്ടറി ജൂബി പോള്‍ (വൈറ്റില ടോക് എച്), വൈസ് പ്രസിഡന്റ്മാരായ എ. ചെന്താമരാക്ഷന്‍ (സരസ്വതി വിദ്യാനികേതന്‍, ഇളമക്കര), ഫാദര്‍ വര്‍ഗീസ് കാച്ചപ്പള്ളി (രാജഗിരി പബ്ലിക് സ്‌കൂള്‍) ട്രഷറര്‍ ബോബി ജോസഫ് (നൈപുണ്യ പബ്ലിക് സ്‌കൂള്‍, തൃക്കാക്കര), അക്കാദമിക് കോഓര്‍ഡിനേറ്ററും മീഡിയ സെക്രട്ടറിയുമായ വിനോദ്. ജി.നായര്‍ (സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍, മണ്ണൂര്‍), സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടിപിഎം ഇബ്രാഹിംഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി മെട്രോ സഹോദയ പ്രസിഡന്റ് ഡോ ദീപാ ചന്ദ്രന്‍ 94465 80596 ജനറല്‍ സെക്രട്ടറി ജൂബി പോള്‍ 94474 74314

LEAVE A REPLY

Please enter your comment!
Please enter your name here