രാജേഷ് തില്ലങ്കേരി


ഒടുവിൽ ചെറിയാൻ ഫിലിപ്പ് തറവാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു, കോൺഗ്രസിന് ആനന്ദിപ്പാൻ ഇനിയെന്ത് വേണം. ചെറിയാൻ ഫിലിപ്പ് ഒരു വർഷം മുൻപ് കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കം ആരംഭിച്ചിരുന്നു. എന്നാൽ ക്ഷമയാണല്ലോ എല്ലാ നേട്ടങ്ങളുടെ പിന്നിലുള്ള വികാരം, അതിനാൽ പിന്നെയും ക്ഷമിച്ചു നിന്നു ചെറിയാൻ. രാജ്യസഭാ സീറ്റിൽ പരിഗണിക്കുന്നുവെന്ന് ആരോ ചെറിയാനെ തെറ്റിദ്ധരിപ്പിച്ചു, ചില മാധ്യമ പരിഷകളും അങ്ങിനെ പറഞ്ഞു പ്രചരിപ്പിച്ചു. എന്നാൽ മണ്ണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ടു പോയപ്പോഴാണ് ചെറിയാന് ബോധോദയമുണ്ടായത്.

ഇരുപത് വർഷമായി പിണങ്ങിപ്പോയ കുഞ്ഞായിരുന്നു ചെറിയാൻ. ഉമ്മൻ ചാണ്ടിയുടെയും എ കെ ആന്റണിയുടെയും പിൻഗാമിയെന്ന് രാഷ്ട്രീയ കേരളം കരുതിയിരുന്ന നേതാവായിരുന്നു ചെറിയാൻ ഫിലിപ്പ്, അവഗണനയിൽ മനംനൊന്താണത്രെ  ചെറിയാൻ ഒരു ദിവസം തറവാട്ടിൽ നിന്നും പിണങ്ങിപ്പോയത്.
സി പി എമ്മിലേക്ക് പോയെന്നാണ് കേട്ടുകേൾവി. എന്നാൽ ചെറിയാൻ ഫിലിപ്പ് സി പി എമ്മിൽ ചേർന്നിരുന്നില്ലെന്ന് സഖാവ് എ വിജയരാവൻ പറഞ്ഞപ്പോഴാണ് മാലോകർ ഇക്കഥയറിഞ്ഞത്.

ചെറിയാൻ തനിച്ചാണ് വന്നത് എന്നും തനിച്ചാണ് തിരികെ പോയതെന്നുമാണ് വിജയരാഘവൻ സഖാവ് പറയുന്നത്. പിന്നിട്ട ഇരുപത് വർഷം എങ്ങിനെയാണ് ആ ചെറിയാൻ എ കെ ജി സെന്ററിൽ കഴിഞ്ഞതെന്ന് ആർക്കും അറിയില്ലല്ലോ… എം എൽ എ, മന്ത്രി, എം പി തുടങ്ങിയ സ്വപ്‌നങ്ങളുമായി സി പി എമ്മിൽ കയറിക്കൂടിയ ചെറിയാന് വിനോദം വികസിപ്പിക്കാനുള്ള യോഗമേ ഉണ്ടായുള്ളു. പഴയ കാല സുഹൃത്തുക്കളെല്ലാം കോൺഗ്രസിൽ നിന്നും പലതും നേടി.   മന്ത്രിയായി എം എൽ എ മാരായി, അങ്ങിനെ പലതുമായി. പാവം ചെറിയാൻ മാത്രം ഒന്നും ആയില്ല.

ചെറിയാൻ ഫിലിപ്പ് സി പി എമ്മിൽ എത്തിയത് കോൺഗ്രസിന് അക്കാലത്ത് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിയായിരുന്നു ചെറിയാന്റെ പ്രഖ്യാപിത ശത്രു. സി പി എം ഉമ്മൻ ചാണ്ടിക്കെതിരെ ഒരു സ്ഥാനാർത്ഥിയെ അന്വേഷിച്ചു നടക്കുന്ന കാലത്താണ് ചെറിയാൻ ഇടത് സഹയാത്രികന്റെ വേഷത്തിൽ ഏ കെ ജി സെന്ററിൽ എത്തുന്നത്. അങ്ങിനെ യുവതുർക്കിയെ പുതുപ്പള്ളിയിൽ കുഞ്ഞൂഞ്ഞിനെ നേരിടാനായി സിപി എം നിയോഗിച്ചു. 
 

1991 ൽ സഖാവ് ടി കെ രാമകൃഷ്ണനെതിരെ കോട്ടയത്ത് മൽസരിച്ചാണ് ചെറിയാൻ ഫിലിപ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ടി കെ രാമകൃഷണൻ ചെറിയാനെ പരാജയപ്പെടുത്തി. 2001 ൽ ഉമ്മൻ ചാണ്ടിയോട് പോരാടി പരാജയം ഏറ്റുവാങ്ങി. പിന്നീട് കല്ലൂപ്പാറയിൽ ജോസഫ് എം പുതുശ്ശേരിയോട് ഏറ്റുമുട്ടി പരാജയം തുടർക്കഥയാക്കി. ഒടുവിൽ 2011 ൽ വട്ടിയൂർക്കാവിൽ നിന്നും കെ മുരളീധരനോട് ഏറ്റുമുട്ടി പരാജയപ്പെടാനായിരുന്നു ചെറിയാന്റെ വിധി. മൂന്ന് തവണ ചെറിയാന് ഫിലിപ്പിന് സി പി എം മത്സരിക്കാൻ അവസരം നൽകി. എന്നാൽ മൂന്നു തവണയും ചെറിയാൻ ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. സി പി എമ്മിലേക്ക് വരുന്ന കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന കിട്ടുമെന്നാണ് കഴിഞ്ഞ ദിവസവും സഖാവ് കോടിയേരി പറഞ്ഞത്. ലോക്കൽ കമ്മിറ്റിയംഗമാക്കും, വേണ്ടിവന്നാൽ സമ്മേളനങ്ങൾ നടക്കുമ്പോൾ രക്ഷാധികാരിയുമാക്കും.

രാജ്യസഭാ അംഗമാക്കുമെന്നായിരുന്നു ചെറിയാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ല, ആദ്യമൊക്കെ ചെറിയാന്റെ പേരായിരിക്കും ഉയരുക. ഒടുവിൽ തീരുമാനം വരുമ്പോൾ ചെറിയാൻ പുറത്താവും. ബോർഡ് , കോർപ്പറേഷൻ എന്നിവയാണ് സി പി എം ഇത്തരം കക്ഷികൾക്കായി മാറ്റിവെക്കുക. അപ്പകഷണങ്ങൾ ഇട്ടുകൊടുത്ത് കൂടെ നിർത്തുകയെന്നതാണ് സി പി എം രീതി. ചെറിയാന്റെ കാര്യത്തിലും അതൊക്കെതന്നെയാണ് നടന്നത്.

കൈരളിയിൽ ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചിരുന്നു. മറ്റു ചാനലിന് റേറ്റുകൂടുന്ന പരിപാടിയായിരുന്നു ചെറിയാന്റേത് എന്ന് തിരിച്ചറിഞ്ഞതോടെ കൈരളിക്കാർ ആപരിപാടി നിർത്തി. കോൺഗ്രസിൽ യുവതലമുറയുടെ പ്രതിനിധിയായിരുന്നു എന്നും ചെറിയാൻ. കേരള ദേശീയ വേദിയൊക്കെ രൂപീകരിച്ചതും ചെറിയാൻ ഏറെ പ്രതീക്ഷകളോടെയായിരുന്നു,

എല്ലാ പ്രതീക്ഷയും തകർന്നു പോയിരിക്കുന്നു. പിണറായി വിജയൻ ഇപ്പോഴും ചെറിയാന് കാണപ്പെട്ട ദൈവമാണ്. എന്നാൽ സി എമ്മിന്റെ സ്വന്തം രവീന്ദ്രൻ ആണേ്രത കുഴപ്പം. പിണറായിയുടെ പോക്ക് അപകടത്തിലേക്കെന്നാണ് ചെറിയാൻ പറയുന്നത്. അതേ രവീന്ദ്രൻ, ഇ ഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോ ഒളിച്ചു കളിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കുറിച്ചാണ് ചെറിയാൻ പറഞ്ഞത്. ഈ രവീന്ദ്രനിൽ നിന്നും പിണറായി സർക്കാറിനെ കാത്തോണേ….


മുല്ലപ്പെരിയാർ എന്ന ബോംബും മലയാളിയുടെ നെഞ്ചിടിപ്പും



ഒരു നൂറ്റാണ്ടുമുൻപ് ബ്രിട്ടീഷ് കാലത്താണ് മുല്ലപ്പെരിയാറിൽ ഡാം പണിയുന്നത്. സുർക്കിയും മറ്റും ഉപയോഗിച്ചായിരുന്നു മുല്ലപ്പെരിയാറിൽ ഡാം പണിതത്. ചോർച്ചയും മറ്റും കാരണം അത്ര സുരക്ഷിതമല്ലാതായി മുല്ലപ്പെരിയാർ ഡാം മാറിയിട്ട് കാൽനൂറ്റാണ്ടായി. അതോടെയാണ് മുല്ലപ്പെരിയാർ ഡാം  പുതുക്കിപണിയണെമെന്ന് ആവശ്യമുയർന്നത്. എന്നാൽ തമിഴ് നാടിന്റെ ശക്തമായ എതിർപ്പുകാരണം ഡാം പുതുക്കി പണിയാൻ പറ്റിയില്ല.    കേരളവും തമിഴ് നാടുമായുണ്ടായ തർക്കവും മറ്റുകലാപങ്ങളുമൊക്കെ ഏവർക്കുപമറിയാവുന്നതാണ്.

കേന്ദ്രസർക്കാരും രാജ്യത്തെ പരമോന്നതകോടതിയായ സുപ്രിംകോടതിയും മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ ഇടപെട്ടു. സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാർ ഡാം പുതുക്കിപണിയണമെന്ന ആവശ്യം തമിഴ് നാട് എന്നും അവണഗിച്ചു. ജലനിരപ്പ് ഉയരുമ്പോഴെല്ലാം മുല്ലപ്പെരിയാർ തകരുമെന്ന തരത്തിൽ വാർത്തകളുണ്ടാവും. ഇത് ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തും. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. പിണറായി വിജയന്റെ പാർട്ടി പത്തുവർഷം മുൻപ് സ്വീകരിച്ച നയമല്ല ഇപ്പോൾ സ്വീകരിക്കുന്നത്. മുല്ലപ്പെരിയാർ ഡാം പുതുക്കിപണിയണമെന്ന ആവശ്യം ഇപ്പോൾ പിണറായുടെ പാർട്ടിക്കില്ല. മനുഷ്യമതിലുമില്ല ആശങ്കയുമില്ല, പ്രതികരണവുമില്ല.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ പ്രസംഗവും, ഇപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ മുല്ലപ്പെരിയാറിന്റെ വിഷയത്തിൽ സ്വീകരിച്ച നയവും ട്രോളർമാർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോഴാണ് കേരളീയർ ഇതൊക്കെ ഓർത്തതത്.
മുല്ലപ്പെരിയാർ എന്നും രാഷ്ട്രീയക്കാർക്ക് ഒരു നല്ല ഇരയാണല്ലോ. രാഷ്ട്രീയ വിഷയമായി പരിഗണിക്കാതെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിൽ മുല്ലപ്പെരിയാറിനെ പരിഗണിക്കാൻ ആരും ഇപ്പോഴും തയ്യാറാവുന്നില്ല. മുല്ലപ്പെരിയാർ പൊട്ടുമോ ഇല്ലയോ എന്ന ചർച്ചയാണ് നടക്കുന്നത്. പൊട്ടിയതിന് ശേഷം പുതിയ ഡാം പണിയാമെന്ന നിലപാടാണ്  രാജ്യം ഭരിക്കുന്നവർ സ്വീകരിച്ചിരിക്കുന്നത്. വലിയൊരു ദുരന്തം ഉണ്ടായാൽ എല്ലാവർക്കും സന്തോഷം.

മോൻസന്റെ കെണിയിൽ വീണ പുലികൾ


വലിയ തട്ടിപ്പുകൾ പലതും നമ്മൾ കണ്ടു കഴിഞ്ഞു. ഓരോ വർഷവും കേരളത്തിന് ആഘോഷിക്കാൻ ഒരു വിവാദം ഉണ്ടാവും. ഇത്തവണ അത് മൊൻസൻ മാവുങ്കലിന്റെ രൂപത്തിലാണ് വന്നതെന്ന് മാത്രം. പൗരാണിക വസ്തുവെന്ന പേരിൽ മോൻസൻ നടത്തിയ തട്ടിപ്പുകളുടെ കഥകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഉന്നത പൊലീസ് ഏമാൻമാരും രാഷ്ട്രീയ ഉന്നതരും സിനിമാക്കാരുമെല്ലാം മോൻസൻ എന്ന ഇന്റർനാഷണൽ തട്ടിപ്പന്റെ കൈകളിലെ പാവയായി മാറി. സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ലോക് നാഥ് ബഹറ തുടങ്ങി താഴേ ത്തട്ടിൽ എസ് ഐ മാർവരെ മോൻസന്റെ എച്ചിൽ നക്കിയ കഥകളാണ് ഓരോ ദിവസും പുറത്തുവരുന്നത്.
 

മുൻ പൊലീസ് മേധാവിയുടെ അടുത്തയാളായി മാറിയ മോൻസൻ, ഉന്നതരുടെ ഒത്താശയോടെ നടത്തിയ തട്ടിപ്പുകൾ, മോൻസന്റെ പുരാവസ്തുക്കളെല്ലാം തട്ടിപ്പാണ് എന്ന് അറിഞ്ഞിരുന്നു എന്നാണ് ബഹറാജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകേണ്ടത് അഭ്യന്തര വകുപ്പാണ്. എന്തോ ഒരു ബോംബ് പൊട്ടാനുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എല്ലാ വിവാദങ്ങളും അവസാനം എത്താറുള്ള അതേ വിഷയത്തിലേക്കാണ് കാര്യങ്ങൾ പോവുന്നത്. വിദേശ മലയാളിയായ അനിത പുല്ലേലും, ബഹറയും ലക്ഷ്മണയുമൊക്കെ മോൻസന്റെ വലയിൽ വീണതെങ്ങിനെയെന്ന ചോദ്യമാണ് ഉയരുന്നത്. തട്ടിപ്പുകൾ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ ബാധ്യസ്ഥനായ പൊലീസ് ഉന്നതനാണ് ഈ ഭൂലോക തട്ടിപ്പന് മറയായി നിന്നത് എന്നത് അപമാനകരമാണ്. പലതും വരുമത്രേ… കേരളം കാതോർത്തിരിപ്പാണ്, നാണിപ്പിക്കുന്ന ഇക്കളി കഥ കേൾക്കാനായി.

ജയിൽ മോചിതനാവുന്ന ബിനീഷ് കോടിയേരിയും സി പി എമ്മിന്റെ ആശ്വാസവും

ബിനീഷ് കോടിയേരി പുറത്തുവരുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ 11 മാസമായി ബിനീഷ് കോടിയേരി പരപ്പ അഗ്രഹാര ജയിലിലായിരുന്നു. കോടിയേരി ബാലകൃഷ്ണൻ എന്ന പാവങ്ങളുടെ പടത്തലവന്റെ മകനാണ് ബിനീഷ് കോടിയേരി. രാജ്യത്തെ പാവപ്പെട്ടവന്റെ അവകാശങ്ങൾക്കായി സമരം നടത്തിയൊന്നുമല്ല ഈ മകൻ ജയിലിൽ പോയത്.
 
ലഹരി മരുന്ന് മാഫിയയെ സഹായിച്ചതിന്റെ പേരിലാണ്. കോടികൾ ഇട്ട് അമ്മാനമാടാനുള്ള സാഹചര്യമാണ് ഇഡിയും മറ്റും അന്വേഷിച്ചത്. വ്യക്തമായ ഉത്തരം നൽകാൻ ബിനീഷിന് സാധിച്ചിട്ടില്ല. എന്തായാലും ഇതുവരെ ചെയ്തുകൂട്ടിയ പാപങ്ങൾക്കെല്ലാം അൽപ്പം പരിഹാരമുണ്ടായിരിക്കുന്നു. പാർട്ടിയുടെ തണലിൽ വളർന്നു പന്തലിച്ച ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും സി പി എമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
 
 
കേന്ദ്രസർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയായിരുന്നു എന്നാണ് ആദ്യമൊക്കെ സഖാക്കൾ പറഞ്ഞിരുന്നത്. കുട്ടിസഖാക്കൾ അത് വിശ്വസിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങളിലെല്ലാം ഉയരുന്ന ഒരു പ്രധാന ചോദ്യം കോടിയേരി എന്തുകൊണ്ടാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിൽക്കാൻ കാരണമെന്നാണ്. രോഗമാണ് കാരണമെന്ന് പറയുമ്പോഴും അതൊന്നുമല്ല യഥാർത്ഥ കാരണമെന്ന് എല്ലാവർക്കും അറിയാം. എന്തായാലും മകന് ജാമ്യം കിട്ടിയതിൽ ആശ്വസിക്കുകയാണ് സഖാവ് കോടിയേരിയിപ്പോൾ. സെക്രട്ടറി കസേരയിലേക്ക് തിരിച്ചെത്താനുള്ള തടസങ്ങൾ നീങ്ങിയതിലുള്ള ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here