തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ മുതിർന്ന നേതാക്കൾക്കും ഗ്രൂപ്പ് നേതൃത്വങ്ങൾക്കുമെതിരെ കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ. തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുതിർന്ന നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുകളാണു പാർട്ടിയെ നശിപ്പിച്ചത്. പാർട്ടി തൻറെ കൈപ്പിടിയിൽ വരുമെന്ന് ആശങ്കയുള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ മാറ്റങ്ങളെ എതിർക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. ‘ഇന്നലെവരെ തങ്ങൾ കൈയ്യാളിയ അധികാരങ്ങൾ, അത് പാർട്ടിയുടെ സംഘടനാ നേതൃത്വത്തിലേക്ക് മാറ്റം ചെയ്യപ്പെടുമോ എന്ന ആശങ്ക. ഇവരുണ്ടാക്കുന്ന അജണ്ടയും ഇവരുണ്ടാക്കുന്ന തീരുമാനങ്ങളുമായിരുന്നു കോൺഗ്രസിൻറെ തീർപ്പ്. ഇത് കൈയ്യിൽ നിന്ന് നഷ്ടപ്പെടുമോ എന്ന് വരുമ്പോ ഉണ്ടാകുന്ന ആശങ്ക’ കെ സുധാകരൻ പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച സുധാകരൻ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എതിർക്കുന്നവർക്ക് മത്സരിച്ച് തോൽപ്പിച്ചാൽ പോരെയെന്നും ചോദിച്ചു. കെഎസ് ബ്രിഗേഡ് എന്നത് ആരാധക വൃന്ദമാണെന്നും അതു പിരിച്ചുവിടേണ്ട കാര്യമില്ലെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.

കഴിഞ്ഞദിവസം കൊച്ചിയിലുണ്ടായ ഉപരോധ സമരത്തിനിടെ ജോജുവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളോട് പ്രതികരിച്ച സുധാകരൻ ജോജു മദ്യപിച്ചെന്ന് ആദ്യം പറഞ്ഞത് കോൺഗ്രസുകാരല്ല, പോലീസുകാരാണെന്നും ആരോപിച്ചു. എൽഡിഎഫിന് ഭരണമുള്ളപ്പോൾ ജോജു മദ്യപിച്ചില്ലെന്ന് വരുത്താൻ അനായാസം കഴിയും. പരിശോധനാഫലം ശരിയായാൽ പോലും മദ്യപനെ പോലെയാണ് ജോജു പെരുമാറിയതെന്നും സുധാകരൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.

 
 

LEAVE A REPLY

Please enter your comment!
Please enter your name here