തിരുവനന്തപുരം: കെപിസിസി യോഗത്തിലെ വിമർശനങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയ കെ.സുധാകരൻറെ നടപടിയിൽ എ ഐ ഗ്രൂപ്പുകൾക്ക് കടുത്ത അതൃപ്തി.നേതൃത്വത്തിൻറെ ഏകാധിപത്യശൈലിയുടെ ഉദാഹരണമാണ് അധ്യക്ഷൻറെ നടപടി എന്നാണ് കുറ്റപ്പെടുത്തൽ. സുധാകരനെതിരെ പരസ്യമായി നേതാക്കൾ രംഗത്ത് എത്താനും സാധ്യതയുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനസംഘടനാ നിർത്തിവെക്കണമെന്നായിരുന്നു കെപിസിസി വിശാല നേതൃയോഗത്തിലെ എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. യുണിറ്റ് കമ്മിറ്റികൾ സുധാകരൻ അനുകൂലികൾ കയ്യടക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. വിമർശനങ്ങൾക്ക് സുധാകരനും യോഗത്തിൽ മറുപടി നൽകി. പക്ഷെ യോഗത്തിലെ വിമർശനം ഉന്നയിച്ചവരെ വാർത്താസമ്മേളനത്തിൽ സുധാകരൻ രൂക്ഷമായി കുറ്റപ്പെടുത്തിയതാണ് പുതിയ വിവാദം. വിമർശകർക്ക് ജനപിന്തുണയില്ലെന്നതടക്കമുള്ള പരസ്യനിലപാടിലാണ് മുതിർന്ന നേതാക്കൾക്ക് അടക്കം അമർഷം

പാർട്ടിക്കുള്ളിൽ പോലും ആരോഗ്യകരമായ ചർച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യശൈലിയുടെ തുടർച്ചയാണെന്നാണ് വിമർശനം. മാത്രമല്ല നേതൃയോഗത്തിൽ പുനസംഘടനയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ പിന്നീട് നിലപാട് മാറ്റി ഹൈക്കമാൻഡിൻറെ അംഗീകാരമുണ്ടെന്നും പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കൾ പറയുന്നു. കെപിസിസി പുനഃസംഘടനാ വിവാദത്തിൽ എതിർപ്പ് ഉണ്ടെങ്കിലും പരസ്യപോര് ഗ്രൂപ്പുകൾ മാറ്റിയിരിക്കുകയായിരുന്നു. പക്ഷെ പുതിയ സാഹചര്യത്തിൽ സുധാകരന് മറുപടി നൽകണം എന്ന നിലപാടിലാണ് ഗ്രൂപ്പുകൾ

LEAVE A REPLY

Please enter your comment!
Please enter your name here