കൊച്ചി: എറണാകുളത്ത് മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ  ഹാർഡ് ഡിസ്‌ക്   കണ്ടെടുക്കാൻ തേവര കണ്ണങ്കാട്ടിന് സമീപത്തെ കായലിൽ തെരച്ചിൽ തുടങ്ങി. പ്രാഫഷണൽ ഡൈവിംഗ് ടീമിനെ ഉപയോഗിച്ചാണ് പരിശോധന. ഹോട്ടലുടമ റോയി വയലാട്ടിന്റെ നിർദ്ദേശപ്രകാരം ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന ജീവനക്കാരുടെ മൊഴി പ്രകാരമാണ് തെരച്ചിൽ.

അപകടം നടക്കും മുമ്പ് അൻസി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാർഡ് ഡിസ്‌ക്കിന് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. നേരത്തെ ഹാർഡ് ഡിസ്‌ക്കിനായി ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചിൽ നടത്തിയിരുന്നു. ഹോട്ടൽ ജീവനക്കാർ ഹാർഡ് ഡിസ്‌ക്ക് ഇവിടെ ഉപേക്ഷിച്ചെന്ന സൂചനയെ തുടർന്നായിരുന്നു തെരച്ചിൽ. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു.

നമ്പർ 18  ഹോട്ടൽ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും  ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ  അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ നിലപാട്. ഇതിനിടെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ്  അന്വേഷിക്കുന്നുണ്ട്.

അഞ്ജനാ ഷാജൻറെ വാഹനത്തെ മുമ്പും ചില അഞ്ജാതർ പിന്തുടർന്നിരുന്നിരുന്നെന്ന സൂചനകളെത്തുടർന്നാണ് അന്വേഷണം. അപകടത്തിൽപ്പെട്ട കാറിന് നരത്തെ തന്നെ മറ്റെന്തെങ്കിലും തകരാറുണ്ടായിരുന്നോയെന്നറിയാൻ  ഫൊറൻസിക് പരിശോധനയും അടുത്ത ദിവസം നടത്തും. അപകടത്തിന് മുമ്പ് കാറിൻറെ ബ്രേക്ക് ഫ്‌ലൂയിഡ് ചോർന്നിരുന്നോ എന്ന സംശയത്തിനും ഇതോടെ ഉത്തരമാകും. കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടർന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here