പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍: ഞായറാഴ്ച ഉച്ച കഴിഞ്ഞു നാലരയോടെ മില്‍വാക്കിയിലെ വോക്കെഷയില്‍ നടന്ന ക്രിസ്തുമസ് പരേഡിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി 5 പേര്‍ മരിച്ചതായും 40 പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പോലീസ് ചീഫ് ഡാന്‍ തോംപ്‌സണ്‍ അറിയിച്ചു. 12 കുട്ടികളും ഇതില്‍പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

വാഹനം ഓടിച്ചുവെന്ന് വിശ്വസിക്കുന്ന ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചീഫ് തോംപ്‌സണ്‍ പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്ക് ആരും പ്രവേശിക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്തു വാഹനം അതിവേഗമാണ് പരേഡിലേക്ക് ഓടിച്ചുകയറ്റിയത്. എസ്.യു.വി.യില്‍ നിന്നും വെടിവെപ്പുണ്ടായെന്ന് ദൃക്‌സാക്ഷികളും, അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ നിലത്തു പരിക്കേറ്റു കിടന്നിരുന്നതായി അവിടെയുണ്ടായിരുന്ന ടെനോറിയൊ പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. അതിവേഗതയിലായിരുന്നു വാഹനമെന്നും, പലരും നിലവിളിച്ചു അവിടെ നിന്നും ഓടിപോകുന്നതായി കണ്ടുവെന്നും ഇദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനവും, ഡ്രൈവറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മില്‍വാക്കി മേയര്‍ ഷോണ്‍ റെയ്‌ലി പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് എത്ര ഗുരുതരമാണെന്ന് വെളിപ്പെടുത്തുവാന്‍ പോലീസ് വിസമ്മതിച്ചു. സംഭവസ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here