കോഴിക്കോട്: രണ്ടാം മാറാട് കലാപ  കേസിൽ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്. ജഡ്ജി എ എസ് അംബികയ്ക്കാണ് ഭീഷണിക്കത്തു ലഭിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റൽ വഴിയാണ് കത്തയച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നതിനെതിരെയാണ് അജ്ഞാതന്റെ കത്തിലെ പരാമർശങ്ങൾ. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുക്കും.

രണ്ടാം മാറാട് കലാപ കേസിലെ  രണ്ടു പ്രതികൾക്കു കൂടി പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 95ാം പ്രതി ഹൈദ്രോസ, 148ാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകൾ, മാരകായുധം കൈവശം വയ്ക്കൽ  എന്നീ കുറ്റങ്ങൾ പ്രകാരമാണ് ഹൈദ്രോസിന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ഹൈദ്രോസ 102000 രൂപ പിഴയും  അടക്കണം. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദീൻ നൽകണം.

കലാപ ശേഷം ഒളിവിൽ പോയ ഇരുവരും വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. 2003 മേയ് 2 ന് ആയിരുന്നു ഒൻപത് പേർ മരിച്ച രണ്ടാം മാറാട് കലാപം. ഈ കേസിൽ  പ്രത്യേക കോടതി  63 പ്രതികളെയാണ് ഇതുവരെ ശിക്ഷിച്ചത്. കലാപത്തിലെ 76 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിൽ 24 പേർക്ക് കൂടി കേരള ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ വിധി പ്രസ്താവം കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് ജഡ്ജി അംബികയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here