രാജേഷ് തില്ലങ്കേരി


മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ചില്ലറക്കാനല്ല, കേരള ചരിത്രത്തിൽ ഇത്രയേറെ ആരോപണ വിധേയനായ ഒരു സ്പീക്കർ ഉണ്ടായിട്ടില്ലെന്നൊക്കെ പ്രതിപക്ഷവും താമരപ്പാർട്ടിക്കാരും പറഞ്ഞതൊക്കെ വെറുതെയായി. ശ്രീരാമകൃഷ്ണൻ എന്ന തങ്കപ്പെട്ട പൊതുപ്രവർത്തകനെ ഇങ്ങനെ അധിക്ഷേപിച്ചവർക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പുതിയ പദവി. 

വിദേശത്തേക്ക് ഡോളർ കടത്തിയെന്നും, സ്വർണക്കടത്തിന് ഒത്താശ ചെയ്തു എന്നൊക്കെയുള്ള നിരവധി ആരോപണങ്ങളാണ് പി ശ്രീരാമകൃഷ്ണനെതിരെ ഉയർന്നിരുന്നത്. സ്പീക്കർ അനാവശ്യമായി തന്നെ വീട്ടിലേക്ക് വിളിച്ചുവെന്നുവരെ ആ സ്വർണ സുന്ദരി പറഞ്ഞുകളഞ്ഞു. എന്നാൽ തനിക്ക് ആരുമായും ഒരു ബന്ധവുമില്ലെന്നും വിദേശത്തേക്ക് ഡോളർ പോയിട്ട് അച്ചാർ പോലും ആരുടെ കയ്യിലും കൊടുത്തയച്ചിട്ടില്ലെന്നും സ്പീക്കർ കസേരയിൽ നിന്നും ഇറങ്ങുന്ന ദിവസം ശ്രീരാമകൃഷ്ണൻ വെളിപ്പെടുത്തിയത് ഇവിടുത്തെ മാധ്യമ പരിശകളുടെ മുന്നിലാണ്. 
 
കേരളത്തിൽ നിന്നും ഗൾഫിലേക്ക് ഡോളർ കടത്തിയത് അഴിമതിപണമാണോ, കമ്മീഷനാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നിയമസഭയിൽ അവിശ്വാസം കൊണ്ടുവന്ന ചെന്നിത്തല ഗാന്ധിക്ക് ഒടുവിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെടുന്നതും നാം കണ്ടു. അതാണ് ശ്രീരാമകൃഷ്ണനോട് കളിച്ചാൽ.

സത്യസന്ധതയിലും വിദേശികളുമായുള്ള ആത്മാർത്ഥമായ, മാതൃകാപരമായ ബന്ധം വച്ചു പുലർത്തുന്ന ശ്രീരാമകൃഷ്ണനെ  നോർക്കയുടെ വൈസ് ചെയർമാനാക്കിയത് എന്തുകൊണ്ടും ഉചിതമായ നടപടിയായി. കേസൊക്കെ കെട്ടിച്ചമച്ചതാണെന്ന്! ലോകത്തെ മലയാളികളെ മൊത്തം സംഘടിപ്പിച്ച് ലോകമലയാളി സഭയുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശ്രീരാമകൃഷ്ണൻ.
 
 ഇദ്ദേഹം സ്പീക്കറായിരുന്നപ്പോഴാണ് കോടികൾ പൊട്ടിച്ച ലോകമലയാളി സഭ ചേർന്നതും. വിദേശ മലയാളികൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നു ചോദിച്ചാൽ അതൊന്നും ആർക്കും വ്യക്തമല്ല , എന്നാൽ ചിലർക്കൊക്കെ ഗുണം ഉണ്ടായി എന്നാണ് അന്ന് കേട്ടത്. ആ ഗുണം കൈവിട്ടുപോവാതിരിക്കാനാണ് ശ്രീരാമകൃഷ്ണനെ നോക്ക വൈസ് ചെയർമാനാക്കിയത്.

സ്പീക്കർ പദവിയിൽ ഇരുന്ന ഒരു നേതാവിനെ എന്തിനാണ് ഇത്തരമൊരു പദവിയിൽ നിയമിച്ചതെന്ന് ചോദിച്ചാൽ ഉത്തരം ലളിതം, വിദേശികളുമായി ബന്ധപ്പെട്ട് പലവിധ പ്രൊജക്ടുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അതൊക്കെ റിയാലിറ്റിയിലേക്ക് എത്തിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ശ്രീരാമകൃഷ്ണനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അപ്പോ ഈ പാർട്ടിയാരാ…ആ….

അപ്പോ മറ്റേ കേസൊക്കെ അവസാനിച്ചോ.. ? ഓ… ഇല്ലെന്നേ…. അതൊക്കെ ഇപ്പം തീർക്കില്ലേ….ല്ല പിന്നെ




കേരളത്തിലെ പിണറായി പൊലീസും വർധിക്കുന്ന ക്രിമനിലസവും


മാതൃകാ സംസ്ഥാനമാണ് കേരളം എന്നാണ്  എല്ലാവരും പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ മാഫിയകളില്ല. കൊലകളില്ല, വമ്പൻ തട്ടിപ്പൻമാരില്ല. എന്തെങ്കിലും ക്രിമനൽ സംഭവങ്ങൾ അരങ്ങേറിയാൽ കേരളാ പൊലീസ് അവരുടെ ബുദ്ധി ഉപയോഗിച്ച് വിദേശത്തുവരെ പോയി പ്രതികളെ പിടിക്കും. എന്നാൽ പൊലീസിന്റെ ആ ബുദ്ധിക്കൊന്നും ഒരു കുറവുമില്ല, പക്ഷേ, കുറ്റക്കാരെ കണ്ടെത്താനൊന്നുമല്ല ആ ബുദ്ധി ഉപയോഗിക്കുന്നതെന്നു മാത്രം, പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാനും മാഫിയകളെ സഹായിക്കാനുമാണ് പൊലീസിന് ഏറെ താല്പര്യം.

എന്താണ് കേരളത്തിലെ പൊലീസിൽ സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിക്കുപോലും നിശ്ചയമില്ലത്രേ. നേരത്തെ പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ
744 പൊലീസുകാർ ക്രിമിനലുകളാണത്രേ. ഇത് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതാണ്. അന്വേഷണത്തിൽ വ്യക്തമാവാത്ത ക്രിമിനലുകൾ വേറെയുമുണ്ടെന്ന് മറക്കരുത്. ഇതിൽ ചവിട്ടിക്കൊന്നതും ഉരുട്ടിക്കൊന്നതുമായ കേസുകൾ വേറെ.

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ  ഐ പി എസ് കാർ വരെയുണ്ട് ഈ പട്ടികയിൽ. വിജിലൻസ് കേസ് വേറെയുമുണ്ട്. കേസിൽ കുറ്റക്കാരായി കണ്ട 18 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചിരുന്നുവെങ്കിൽ പൊലീസ് ക്രിമിനലുകളുടെ എണ്ണം ഇതിലും കൂടിയേനെ. കെവിൻ കേസിലും, ഉത്ര കേസിലും ഒക്കെ പൊലീസ് നിലപാട് എന്തായിരുന്നു എന്ന് നാം കണ്ടു. സ്ത്രീ സുരക്ഷയ്ക്കായി വലിയ പദ്ധതികൾ പ്രഖ്യാപിച്ചു, പിങ്ക് പൊലീസും, റെഡ് പൊലീസും ഉണ്ടാക്കി. എന്നിട്ടെന്ത് സംഭവിച്ചു ?  നമ്മുടെ പൊലീസ് ഇപ്പോഴും പഴയപടിതന്നെ.

മോൻസൻ എന്ന ക്രിമിനലിന്റെ വീട്ടിൽ അലക്കു ജോലിവരെ ചെയ്ത പൊലീസ് ഓഫീസർമാരുടെ കീഴിൽ ജോലി ചെയ്യുന്ന ഈ പൊലീസുകാർക്ക് എന്ത് മാന്യതയാണ് ഉണ്ടാവുക. മോൻസന്റെ ഉച്ചിഷ്ടം ഭക്ഷിച്ച മുൻ പൊലീസ് മേധാവി ലോക് നാഥ് ബഹറയും മറ്റ് ഉന്നത പൊലീസ് സംഘവും ആരെയാണ് സംരക്ഷിക്കുക. പൊലീസ്  വളർത്തിയ അഴിമതിക്കാരുടെ സംഘമായ കേരളാ പൊലീസിൽ നിന്നും ആർക്കാണ് നീതി ലഭിക്കുക.

ആലുവയിൽ നിലവിൽ നീതി തേടിയൊരു സമരം നടക്കുന്നുണ്ട്. സ്ത്രീ പീഡന കേസിൽ നീതി തേടി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ വിരട്ടിയോടിച്ച പൊലീസിനെതിരെയാണ് സമരം. യുവതി പിന്നീട് ആത്മഹത്യ ചെയ്തു. ഒരു പിങ്കുപൊലീസും റെഡ് പൊലീസും ആ യുവതിയെ ആശ്വസിപ്പിക്കാനുണ്ടായില്ല.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ മോഡലുകൾക്ക് നേരെ എന്താണ് നടന്നതെന്ന് ഇതുവരെയും തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കാരണം സി സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്ക് നശിപ്പിച്ചതാണ് കാരണം. അപ്പോൾ അതിനു പിന്നിൽ ഒരു പൊലീസ് ബുദ്ധിയുണ്ടെന്ന് നിശ്ചയം. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും ആ പൊലീസ് ഏമാനെ സംരക്ഷിക്കുന്നതിനായി പൊലീസ് തന്നെ ആ ഹാർഡ് ഡിസ്‌ക്ക് എടുത്തുകൊണ്ടു പോയതാണെന്നും പരക്കേ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നെങ്കിലും സത്യം വെളിച്ചത്തുവരുമോ, ഉണ്ടാവാൻ വഴിയില്ല. കാരണം മോഡലുകൾ രണ്ടുപേരും അപകടത്തിൽ മരിച്ചുപോയല്ലോ. അതി ബുദ്ധിമാൻമാരായ കേരളാ പൊലീസ് കഴിഞ്ഞ 25 ദിവസമായിട്ട് ഇരുട്ടിൽ തപ്പുകയാണ്.

ഒന്നാം പിണറായി സർക്കാറിന് എന്നും ദുഷ്‌പ്പേരുണ്ടാക്കിയിരുന്നത് അഭ്യന്തവകുപ്പായിരുന്നു, എന്നിട്ടും  പൊലീസിനെ കറക്റ്റ് ചെയ്യാൻ അഭ്യരവകുപ്പിന് കഴിഞ്ഞിട്ടില്ല.

വിപ്ലവം വിജയിക്കട്ടെ…

കണ്ണൂർ എന്ന വിപ്ലവ ഭൂമിയും,  ചുവപ്പു കോട്ടയിലെ വാഴ്‌സിറ്റിയും


കണ്ണൂർ സർവ്വകലാശാല ശരിക്കും സി പി എം സർവ്വ കലാശാലയാണോ, എന്നു വേണം അനുമാനിക്കുവാൻ. സി പി എമ്മിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സർവ്വകലാശാലയായി ഇവിടം മാറിയിട്ട് കാലം കുറേയായി. അവസാനമായി ഇവിടെ നടന്ന സ്വജനപക്ഷപാതം മുൻ രാജ്യസഭാ അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യയെ അവിടെ തിരുകി കയറ്റാൻ നടത്തിയ നാടകങ്ങളാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഈ നീക്കമുണ്ടാത്.

നേരത്തെ തലശ്ശേരി എം എൽ എയായിരുന്ന എ എം ഷംസീർ ഭാര്യയെ കാലിക്കറ്റ് സർവ്വകലാശാലയിലും കണ്ണൂർ സർവ്വകലാശാലയിലും തിരുകി കയറ്റാൻ നടത്തിയ ശ്രമങ്ങൾ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സർവ്വകലാശാലയിൽ നൽകിയ ജോലിയും പലരെയും ചവിട്ടിതാഴ്ത്തിയായിരുന്നു.


മുതിർന്ന നേതാക്കൾ സ്വന്തം ഭാര്യയ്ക്ക് തെരഞ്ഞെടുപ്പിൽ സീറ്റൊപ്പിക്കുന്നതും, അവരെ മന്ത്രിയാക്കുന്നതും കണ്ടുപഠിച്ച യുവ നേതാക്കളെ എങ്ങിനെ കുറ്റം പറയും.  കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകാൻ നിശ്ചിത യോഗ്യതയുള്ളയാളെ പരിഗണിക്കാതിരുന്നതാണ് വിവാദമായത്. കണ്ണൂർ സർവ്വകലാസാല വി സി യെ ഉപയോഗിച്ച് നിയമനം നൽകുകയാണ് നേതാക്കൾ ചെയ്തത്. വി സിക്കും ഗുണമുണ്ടാവുന്ന വകയായിരുന്നു അത്. ചരിത്രത്തിൽ ആദ്യമായി വി സിക്ക് രണ്ടാമതൊരു വട്ടം കൂടി വി സി കസേരയിൽ ഇരിക്കാൻ സർക്കാർ അനുമതിയും നൽകി.

അങ്ങിനെയാണ് വിപ്ലവപാർട്ടി . ഇങ്ങോട്ട് സഹായിച്ചാൽ അങ്ങോട്ടും സഹായിക്കും. എതിർത്താലോ… അയ്യോ അതൊന്നും പറഞ്ഞ് പേടിപ്പിക്കാതെ …..


ആനാവൂർ നാഗപ്പനും ശശിക്ഷേമ സമിതിയും



അനുപമയുടെ കുഞ്ഞിനെ തേടിയുള്ള യാത്രകൾ ആരംഭിച്ചപ്പോൾ തന്നെ സി പി എമ്മിന് അതിനോട് വലിയ താല്പര്യമില്ലായിരുന്നു. വേണ്ടാതീനം കാണിച്ച് ഉണ്ടായ കുഞ്ഞിനെ ഒളിപ്പിക്കാനും അത് അരോരുമറിയാതെ കടത്താനുമൊക്കെ അറിയാവുന്ന പാർട്ടിയെ വെല്ലുവിളിക്കരുതെന്ന് സന്ദേശവും അനുപമയ്ക്ക് നൽകി. കൊച്ചുണ്ടായത് നേർവഴിക്കെല്ല എന്നതിനാൽ പാർട്ടി സഖാവായ അച്ഛനെ സഹായിച്ചതാണ് പാർട്ടി നേതാക്കളും ശിശുക്ഷേമ സമിതിയും. എന്നിട്ടോ കിട്ടിയ തിരിച്ചടി അതിഭീകരവും.
അനുപമ കുറച്ചു ദിവസം അലയും, ഒടുവിൽ അതൊക്കെ ഒതുങ്ങും എന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ പ്രസവിച്ച അമ്മ സ്വന്തം കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയാൽ കേരളം ഒരുമിച്ച് നിൽക്കും. അത് മാന്യമായി വിവാഹം നടത്തിയതായാലും. അല്ലാതെയായാലും.

ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും വിവാഹം എന്ന ആചാരത്തിലൂടെ മാത്രമേ പാടുള്ളൂ എന്നു ശഠിക്കാൻ വിപ്ലവ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി പി എമ്മിന് എങ്ങിനെ കഴിയുന്നു എന്നതാണ് അത്ഭുതം.  നിലവിലുള്ള എല്ലാ നിയമങ്ങളും പഴഞ്ഞനാണെന്നു ധരിക്കുകയും ഇവയൊക്കെ മാറുമ്പോഴാണ് വിപ്ലവം ഉണ്ടാവുകയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന പാർട്ടിയാണ് പഴഞ്ഞൻ രീതികൾ പ്രചരിപ്പിക്കുകയും, അനുപമയെ താറടിക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നത്.

ഒടുവിൽ അനുമപയ്ക്ക് സ്വന്തം കുഞ്ഞിനെ ലഭിച്ചു. ഇനി അനാദകുഞ്ഞെന്ന പേരിൽ അനുപമയുടെ കുഞ്ഞിനെ കടത്താൻ കൂട്ടുനിന്ന ശിശു ക്ഷേമസമിതിക്ക് എന്ത് ശിക്ഷയെന്നാണ് കേരളം ചോദിക്കുന്നത്.

നേരത്തെ തന്നെ ഈ വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു.  സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞാൽ പിന്നെ നോ അപ്പീൽ. അത് വിശ്വസിക്കുകയാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്. എന്നാൽ അത്ര അച്ചടക്കമില്ലാത്ത അനുമപയെന്ന പാർട്ടി പ്രവർത്തക അത് വിശ്വസിക്കുന്നില്ല.

ശിശുക്ഷേമ സമിതി ജന.സെക്രട്ടറി ഷിജു ഖാൻ, സി. ഡബ്ല്യൂ. സി ചെയർപേഴ്‌സൺ സുനന്ദ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാൽ  അവർ കുറ്റക്കാരല്ലെന്ന് ആനാവൂർ നാഗപ്പൻ പിന്നെയും ആവർത്തിക്കുന്നു. അപ്പോ പിന്നെ ആരാണ് കുറ്റക്കാരനെന്ന് സഖാവ് പറയട്ടെ. എന്തായാലും ദത്തു വിവാദം സി പി എമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.


കെ – റെയിൽ വേണ്ടെന്ന് കോൺഗ്രസ്, അനിവാര്യമായ പദ്ധതിയെന്ന് സി പി എം



ഒരു വിവാദവുമില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല, ഒരു വിവാദം തീരുമ്പോൾ മറ്റൊരു വിവാദം വരും, അതാണ് പൊതുവായ രീതി. പുതിയ വിവാദം കെ -റെയിൽ പദ്ധതിയാണ്. ബി ജെ പിയും , കോൺഗ്രസും കെ -റെയിൽ പദ്ധതിക്ക് കട്ട എതിരാണ്. എന്നാൽ കെ- റെയിലിലൂടെ ട്രെയിൻ ഓടിച്ചേ അടങ്ങു എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘാംഗങ്ങളും.

കേരളത്തെ രണ്ടാക്കുമെന്നും, വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്നുമാണ് കോൺഗ്രസ് പറയുന്നത്. ഇത്തരമൊരു പദ്ധതി കേരളം പോലുള്ള സംസ്ഥാനത്ത് ഒരാവശ്യവുമില്ലെന്ന് നേരത്തെ എം കെ മുനീർ അധ്യക്ഷനായുള്ള യു ഡി എഫ് സമിതി കണ്ടെത്തിയിരുന്നു. 
പണ്ട് എ കെ ആന്റണി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ എം കെ മുനീർ കൊണ്ടുവന്ന എക്‌സ്പ്രസ് വേയെന്ന യമണ്ടൻ വികസന പദ്ധതിയെ പാരവച്ച് ഇല്ലാതാക്കിയ ഇടത് മുന്നണിയെ അങ്ങിനെ കെ-റെയിലുമായി മുന്നോട്ടു പോവാൻ സമ്മതിക്കില്ലെന്നാണ് യു ഡി എഫിന്റെ നിലപാട്.

എന്തായാലും കെ – റെയിലിന്റെ കാര്യത്തിലെങ്കിലും ഒരുമിച്ചൊരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നു എന്നത് വലിയ സംഭവമാണ് . ഒന്നും ചർച്ച ചെയ്യുന്നില്ലെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ ആരോപണം. പാർട്ടി പിടിക്കാനായി നെട്ടോട്ടമോടുന്ന തിരക്കിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇടയ്‌ക്കൊക്കെ അന്വേഷിക്കേണ്ട ചുമതല മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കും ഉണ്ടായിരുന്നു.

തമ്മിലടിച്ചും, പാരവച്ചും ഇല്ലാതാവുന്ന കോൺഗ്രസിന് എങ്ങിനെ പൊതു പ്രശ്‌നങ്ങളിൽ ഇടപെടാൻ സമയം കിട്ടും….



കർഷക സമരവും, ഡൽഹിയിലെ മോദിജിയുടെ നാടകങ്ങളും


വലിയ അഭിനേതാവുകൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലപ്പോൾ പ്രേക്ഷകരെ ആകർഷിക്കാൻ കണ്ണീർ പൊഴിക്കും. വോയ്‌സ് മോഡുലേഷനിൽ അമിതാഭ് ബച്ചനെ വരെ കടത്തിവെട്ടും. ഒരു വർഷമായി തെരുവിലിരുന്ന് സമരം ചെയ്യുന്ന കർഷകരെ കണ്ടില്ലെന്നും നടിക്കുകയും വിവാദമായ കാർഷിക ബില്ലിനെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് മോദി നടത്തിയ നിരവധി പ്രസംഗങ്ങൾ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തി. 
ഒടുവിൽ യു പിയിലും പഞ്ചാബിലും പണികിട്ടുമെന്ന് മനസിലായപ്പോൾ മോദിജി ഭൂമിയിലേക്ക് ഇറങ്ങിവന്നു. നാടകീയമായി ബില്ലുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഇത് കർഷ സമരമല്ലെന്നും, ബില്ല് കർഷകർക്കുവേണ്ടി കൊണ്ടുവന്നതാണെന്നും മറ്റും പറഞ്ഞിരുന്ന മോദി അതെല്ലാം വിഴുങ്ങിയിരിക്കുന്നു. ഒരു വർഷം നീളുന്ന സമരം എന്തായിതീരുമെന്നും അതിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ലെന്നും മോദിക്ക് തിരിച്ചറിവുണ്ടായി. ലോക നേതാവാകാൻ പാടുപെടുന്ന മോദിക്ക് കാര്യം വൈകിയാണെങ്കിലും പിടികിട്ടി. പണികിട്ടാതിരിക്കാൻ തീരുമാനം പെട്ടെന്ന് കൈക്കൊണ്ടു. രാജ്യത്തെ കർഷകരോട് കളിക്കാൻ മോദിക്ക് കഴിയില്ലെന്ന് വ്യക്തമായി.


വാൽകഷണം:  
 
മേഘാലയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 12 എം എൽ എമാർ പാർട്ടി വിട്ടിരിക്കുന്നു. തൃണമൂൽ കോൺഗ്രസിലേക്കാണ് അവർ ചേക്കേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here