പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ വീണാജോർജിനെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. ഏരിയ സമ്മേളനത്തിൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്.  പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടന്നെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വീണാ ജോർജ് ജയിക്കരുതെന്ന് ആഗ്രഹിച്ചവർ പാർട്ടിയിലുണ്ട്. ഇടതുമുന്നണി വിജയദിനം ആഘോഷിച്ചപ്പോൾ ചില പ്രാദേശിക നേതാക്കൾ കതകടച്ച് വീട്ടിലിരുന്നെന്നും പ്രവർത്തന റിപ്പോർട്ടിൽ പരമാർശം ഉണ്ട്. നിലവിൽ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്.

അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയും ഏരിയാ സമ്മേളന ചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പങ്കെടുക്കുന്ന പരിപാടികൾ അറിയാറില്ലെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചെന്നാണ് റിപ്പോർട്ട്.

വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർ്ന്നു.  തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് മന്ത്രി വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന ആരോപണം ഉയർത്തിയത്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് വിമർശനം.

ആറന്മുളയിൽ കോൺഗ്രസ് നേതാവ് ശിവദാസൻ നായരെ പരാജയപ്പെടുത്തിയായിരുന്നു വീണ ഇത്തവണ നിയമസഭയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here