തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനും നടപ്പിലാക്കി വരുന്ന വിവിധ പരിപാടികൾ ജനങ്ങളിലെത്തിക്കാനുള്ള വാർത്താവിനിമയ ഇടങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരുന്നു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, സംസ്ഥാന സർവകലാശാലകളുടെ നിയമങ്ങൾ സമൂലമായി പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള സർവകലാശാല നിയമപരിഷ്‌കാര കമ്മീഷൻ, സർവ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് കാലാനുസൃതമായി  പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള പരീക്ഷാപരിഷ്‌കരണ കമ്മീഷൻ എന്നിവ  പ്രാഥമിക പഠനം നടത്തി കഴിഞ്ഞു.
കമ്മീഷനുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി  സർവകലാശാലകളും കോളേജുകളും  സന്ദർശിച്ച് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നു അഭിപ്രായം ആരായുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സമാഹരിച്ചും സമഗ്രമായി വിഷയത്തെ സമീപിച്ചും കമ്മീഷനുകളുടെ റിപ്പോർട്ടുകൾ മാർച്ച് മാസത്തിൽ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
  ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, സർവ്വകലാശാല നിയമഭേദഗതി കമ്മീഷൻ ചെയർമാൻ ഡോ. എൻ.കെ. ജയകുമാർ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ ഡോ. ശ്യാം ബി. മേനോൻ, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ കൺവീനർ ഡോ. ടി. പ്രദീപ്, പരീക്ഷാപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദകുമാർ എന്നിവർ പങ്കെടുത്തു.
പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ ഡിജിറ്റലായി അയക്കാനുള്ള സംവിധാനം നിലവിൽ വരുമെന്ന് കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here