മലപ്പുറം: പൊന്നാനിയിൽ സിപിഎം   നേതാവ് ടിഎം സിദ്ദീഖിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻകെ സൈനുദ്ദീൻ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചു. നേരത്തെ ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പിഎം ആറുണ്ണി തങ്ങളും രാജി വെച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ലോക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചേക്കുമെന്ന സൂചനയുണ്ട്. പൊന്നാനിയിലെ പ്രമുഖ സിപിഎം നേതാവായ ടി എം സിദ്ദീഖിനെതിരെയുള്ള പാർട്ടി നടപടിയിൽ പ്രവർത്തകരിലൊരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മിൽ വിവാദം ഉടലെടുക്കുന്നത്. പിന്നീട് നടന്ന പാർട്ടി അച്ചടക്ക നടപടിയിൽ സിദ്ദീഖിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. നടപടിയിൽ അമർഷം പുകയുന്നതിനിടെ ഏരിയ സെക്രട്ടറി സിദ്ദീഖിനെതിരെ നടത്തിയ പരാമർശമാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണം. ഏരിയ സെക്രട്ടറിയുടെ പരമാർശത്തെ തുടർന്നാണ് ഇപ്പോഴത്തെ രാജി. നേരത്തെ സിപിഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന സൈനുദ്ദീൻ സിപിഎമ്മിലെത്തി ഏരിയ കമ്മിറ്റി അംഗമമായി. പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ ജില്ല സെക്രട്ടറിയേറ്റംഗം ജയൻ വെളിയങ്കോട് പൊന്നാനിയിലെത്തി ടി എം സിദ്ദീഖുമായി കൂടിക്കാഴ്ച നടത്തി.

പാർട്ടി ഔദ്യോഗിക വിഭാഗവും സിദ്ദീഖിനെ അനുകൂലിക്കുന്നവരും സോഷ്യൽമീഡിയയിൽ നടത്തുന്ന പോർവിളിയും പാർട്ടിക്ക് തലവേദനയാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here