കണ്ണൂർ:  അന്നത്തെ പാർട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്റെ വിമർശകരായ മാധ്യമപ്രവർത്തകരോട് ഒരു സന്ദർഭത്തിൽ രോഷത്തോടെ  പറഞ്ഞു ‘ ഈ പാർട്ടിയെക്കുറിച്ച്  നിങ്ങൾക്ക് ഒരു ചുക്കുമറിയില്ലെന്ന്’ . പാർട്ടി സി.പി. എമ്മായതുകൊണ്ടും പറഞ്ഞത് പിണറായിയായതു കൊണ്ടും പിന്നീട് പറഞ്ഞതൊക്കെ ശരിയാണെന്നു തെളിയികുയായിരുന്നു. കേരളത്തിൽ സി.പി. എം ബീറ്റു നോക്കുന്ന ചിരപരിചതരായ മാധ്യമപ്രവർത്തകരൊക്കെ സി.പി. എമ്മിനെ ഇപ്പോഴും കാണുന്നത് കുരുടൻ ആനയെകാണുന്നതു പോലെയാണെന്നതാണ് വാസ്തവം. അത്രയേറെ ഉൾപിരിവുകളും തമോഗർത്തം കൊണ്ടും നിറഞ്ഞതും സമുദ്രത്തിലേതുപോലെ അടിയൊഴുക്കു നിറഞ്ഞതുമാണ് സി പി എം എന്ന പാർട്ടി.

 നേരത്തെ രണ്ട് കരുത്തന്മാരായിരുന്നു പാർട്ടിയുടെ രണ്ടറ്റത്തുണ്ടായിരുന്നത്. വി. എസ് അച്യുതാനന്ദൻ മറുവശത്തും പിണറായി ഇപ്പുറത്തുമായി നടത്തിയ യുദ്ധങ്ങൾപോലെ രണ്ടു പ്രതീകങ്ങൾ നടത്തിയ വീറും വാശിയും നിറഞ്ഞ പാർട്ടിപോരുകൾ ഇന്ന് സി.പി. എമ്മിൽ ഇല്ല. എന്നിട്ടും പാർട്ടിയിൽ  രകതം പൊടിയാത്ത ഒച്ചയനക്കമില്ലാത്ത ഒറ്റതിരിഞ്ഞ സംഹാരങ്ങളും ഒതുക്കലുകളും നിർബാധം നടന്നുകൊണ്ടിരിക്കുകയാണ്. വിപ്ലവം അതിന്റെ സന്തതികളെ കൊന്നുതിന്നുന്നുവെന്ന ലെനിനിന്റെ സൂക്തം പാർട്ടി ഇരുമ്പുമറയ്ക്കുള്ളിൽ നടപ്പിലാക്കുമ്പോഴും നേരിയ പ്രതിഷേധംപോലും അകത്തും പുറത്തും ഉയരുന്നില്ലെന്നതാണ് വർത്തമാന യാഥാർത്ഥ്യം.

പാർട്ടി അണികളും പൊതുസമൂഹവും ക്യാപ്റ്റനെന്നു വിശേഷിപ്പിക്കുന്ന പിണറായി വിജയൻ അത്തരംവിശേഷണങ്ങളുടെ അതിരുകൾക്കപ്പുറത്ത് ഇപ്പോൾ ചീഫ്മാർഷലെന്ന അധികാര കേന്ദ്രമായി മാറുന്ന കാഴ്ചയാണ് കണ്ണൂർ ജില്ലാസമ്മേളനത്തിൽ ദൃശ്യമായത്. മൂന്നു ദിവസവും സമ്മേളനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ പങ്കെടുത്ത മുഖ്യമന്ത്രിക്ക് തനിക്കെതിരെയുള്ള ചെറുവിമർശനം പോലും പാർട്ടിക്കുള്ളിൽ നിന്നുയരാതിരിക്കാൻ തന്റെ സാന്നിധ്യത്തിലൂടെ സാധ്യമായി. കണ്ണൂരിലെ അണികളുടെ ആവേശവും വ്യതിരിക്തനായ കമ്യൂണിസ്റ്റ് നേതാവെന്ന ഇമേജുള്ള പി.ജയരാജനെ പൂർണമായും ‘വാനിഷ് ‘  ചെയ്യാൻ വളരെ നിശബ്ദമായി പിണറായിക്കു കഴിയുകയും ചെയ്തു. ജയരാജനായി സമ്മേളനത്തിൽ ഒരു ചെറുശബ്ദം പോലും ഉയർന്നില്ലെന്നു മാത്രമല്ല അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ ജയരാജ ആരാധകരായ സൈബർ സഖാക്കൾ സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ കുടുങ്ങിയത് പരോക്ഷമായി ജയരാജനെ കുറ്റപ്പെടുത്താനും കുരിശിൽ തറയ്ക്കാനും അവസരവും സൃഷ്ടിച്ചു. നിരന്തരം ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ ഉണ്ടാക്കിയ ദുഷ്‌പേര് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന ആരോപണം. ഇതോടെ കണ്ണൂരിൽ ചെന്താരകമായി ഒരു കാലത്ത്  ജ്വലിച്ചുയർന്ന പി.ജയരാജന്റെ രാഷ്ട്രീയ ജാതകം വ്യക്തമായി കുറിക്കുകയും ചെയ്തു.

പാർട്ടി ജില്ലാസമ്മേളനത്തിൽ ഒഴിവാക്കപ്പെട്ട 14 പേരിൽ ഒരാളായി ജയരാജൻ ചുരുക്കപ്പെട്ടതോടെ കണ്ണൂരിൽ ഇനി പി.ജെയ്ക്കു നിറഞ്ഞാടാൻ അവസരമില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു പാർട്ടി. സംസ്ഥാന കമ്മിറ്റിയംഗത്വത്തിന്റെ പേരിലായിരുന്നു ഒഴിവാക്കൽ. എന്നാൽ വരുന്ന എർണാകുളം സമ്മേളനത്തിൽ എഴുപതു പിന്നിട്ട പി.ജയരാജനു സംസ്ഥാന കമ്മിറ്റിയിലും ഇടം കിട്ടുമോയെന്ന കാര്യത്തിലും സംശയമുയർന്നിട്ടുണ്ട്. ഐ. ആർ.പി.സിയെന്ന താൻ നട്ടുവളർത്തിയ സാന്ത്വന സംഘടനയുടെ തലപ്പത്തു നിന്നും മാസങ്ങൾക്കു മുൻപേ കുടിയിറക്കപ്പെട്ട ജയരാജൻ ഇപ്പോൾ ഉപദേശകസമിതി ചെയർമാനെന്ന ആലങ്കാരിക പദവി മാത്രമാണുള്ളത്.

അതുകൊണ്ടു തന്നെ കണ്ണൂരിൽ ഇനി ജയരാജനു ഖാദി ബോർഡ് ചെയർമാനെന്ന സർക്കാർപദവിയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അണികളും അനുകൂലികളും നഷ്ടപ്പെട്ട സൈനിക നായകന്റെ നിസഹായ അവസ്ഥയാണ് ജയരാജനു ബാക്കിയുള്ളത്. നേരത്തെ പാർട്ടി നിർദ്ദേശ പ്രകാരം പിരിച്ചുവിടപ്പെട്ട പി.ജെ ആർമിയുടെ പിൻതുണ പോലും ഇപ്പോൾ ജയരാജന് സോഷ്യൽമീഡിയയിലുമില്ല. വ്യക്തി പൂജയുടെ പാർട്ടിയിൽ നിന്നും തരംതാഴ്ത്തപ്പെട്ട ജയരാജന് ചുറ്റും ഇപ്പോൾ പാർട്ടി ഒരു വൃത്തം വരച്ചിരിക്കുകയാണ്. അതിൽ ഒതുങ്ങികൂടിയാൽ ശിഷ്ടകാലവും പാർട്ടിക്കൊടിയുടെ തണലിൽ ജീവിച്ചു പോകാം. അല്ലെങ്കിൽ വളരെ നിസാരമായി കറിവേപ്പില പോലെ പടിക്ക് പുറത്താക്കപ്പെട്ടേക്കാം.

പി.ജയരാജന്റെ വിധി നിർണയിക്കപ്പെട്ടത് വളരെ കാലത്തെ സംഭവവികാസങ്ങൾക്കു ശേഷമാണെങ്കിൽ വളരെ പെട്ടെന്നു തന്നെ പിണറായിയുടെ അതൃപ്തിക്കിരയായ യുവ നേതാവാണ് തലശേരി എം. എൽ. എ എ. എൻ ഷംസീർ. കോടിയേരിയെന്ന അതിശക്തനായ നേതാവിന്റെ സംരക്ഷണമുണ്ടായിട്ടും ഷംസീറിനെയും ഒതുക്കലിൽ നിന്നും രക്ഷിച്ചെടുക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി. എ മുഹമ്മദ് റിയാസുമായി കോർത്തതാണ് ഷംസീറിനു വിനയായത്.രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ഷംസീറിന് അതുലഭിക്കാതെ വന്നപ്പോഴുണ്ടായ ഇച്ഛാഭംഗമാണ് പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ കളമറിഞ്ഞുകളിക്കാനുള്ള സമചിത്തത നഷ്ടപ്പെട്ട തീപ്പൊരി നേതാവായ ഷംസീറിനെയും പാർട്ടി ജില്ലാകമ്മിറ്റിയിൽ നിന്നും സംസ്ഥാനകമ്മിറ്റി അംഗത്വത്തിൽ നിന്നും ഒഴിവാക്കിയത്. എം. എൽ. എയെന്ന നിലയിൽ രണ്ടാം ടേമിലേക്ക് കടന്ന ഷംസീറിന് ഇനി പാർലമെന്ററി രാഷ്ട്രീയമെന്ന കളത്തിൽ ഇനി അധികം റോളുകൾ പാർട്ടി നൽകിയേക്കില്ല. വരുന്ന തെരഞ്ഞെടുപ്പിൽ ഷംസീറിനു പകരം സ്ഥാനാർത്ഥി കുപ്പായമണിയാൻ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായ പി. ശശി റെഡിയായിരിക്കെ പാർട്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗമെന്ന ആലങ്കാരിക പദവികൊണ്ടു മാത്രം ഷംസീറുംവരും നാളുകളിൽ തൃപ്തിപ്പെടേണ്ടി വരും.

ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ അന്താരാഷ്ട്ര അവാർഡുകൾ വരെ വാരിക്കൂട്ടിയ കെ.കെ ശൈലജ ഇന്നു വെറും എം. എൽ. എയും കേന്ദ്രകമ്മിറ്റിയംഗവും മാത്രമാണ്. പി.ബി അംഗങ്ങൾവരെ റെക്കമന്റ് ചെയ്തിട്ടും കെ.കെ ശൈലജയെ രണ്ടാമതും മന്ത്രിസഭയിലെടുക്കാതെ പുറന്തള്ളിയ പിണറായി ഇപ്പോൾ ശൈലജയ്ക്കു വിധിച്ചതും രാഷ്ട്രീയ വനവാസമാണ്. മുഖ്യമന്ത്രി കഴിഞ്ഞാൽ ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായിരുന്നു കെ.കെ ശൈലജ. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും കേരളത്തിലെ ആദ്യവനിതാമുഖ്യമന്ത്രിയാകാനും പാർട്ടിക്കുള്ളിലും പുറത്തും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന കെ.കെ ശൈലജ ഇന്നു വെറും മട്ടന്നൂർ എം. എൽ. എ മാത്രമാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള തന്ത്രവും അണിയറയിൽ മെനയുന്നുണ്ട്. വടകര മണ്ഡലത്തിൽമത്സരിച്ചു തോറ്റതോടെയാണ് പി.ജയരാജന്റെ കഷ്ടകാലം തുടങ്ങിയതെങ്കിലും കണ്ണൂർ പാർലമെന്റ് മണ്ഡലമെന്ന വൈതരണിയാണ് ശൈലജയ്ക്കു മുന്നിൽ ഉയരാൻ പോകുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനായ ഇ.പി ജയരാജൻ, മുൻമന്ത്രി പി.കെ ശ്രീമതി, തുടങ്ങി ഒട്ടേറെ നേതാക്കൾ വരുന്ന സംസ്ഥാന സമ്മേളനത്തോടെ വിവിധകാരണങ്ങൾപറഞ്ഞു പാർട്ടിക്കുള്ളിലും പുറത്തും ഒതുക്കപ്പെടാൻ സാധ്യതയുള്ള നേതാക്കളാണ്. എറണാകുളത്ത് നടക്കാൻ പോകുന്ന സംസ്ഥാന സമ്മേളനത്തിൽ പുതുമുഖ സഖാക്കളുടെ തള്ളിക്കയറ്റമുണ്ടാകുമെന്ന വ്യക്തമായ സൂചന കണ്ണൂർ ജില്ലാസമ്മേളനം നൽകി കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here