ആലപ്പുഴ: ജില്ലയിൽ നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഉർജ്ജിതമാക്കാൻ തീരുമാനിച്ചു.  

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് നെടുമുടിയിലെ മൂന്നു മേഖലകളിൽ നിന്നും കരുവാറ്റയിലെ ഒരു മേഖലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ എച്ച്5 എൻ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള  മേഖലയിൽ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ ഇന്നു രാവിലെ ആരംഭിക്കും.

കൈനകരി, പുന്നപ്ര- നോർത്ത്, സൗത്ത്, അമ്പലപ്പുഴ- നോർത്ത്, സൗത്ത്, പുറക്കാട്, ചെറുതന, തകഴി, എടത്വ, മുട്ടാർ, ചമ്പക്കുളം, പുളിങ്കുന്ന്, രാമങ്കരി, ആര്യാട്, തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട് വീയപുരം, തലവടി എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭാ പരിധിയിലും താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ ഒരു കിലോമീറ്റർ ചുറ്റളവ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടർ നിർദേശം നൽകി.

സബ് കളക്ടർ സൂരജ് ഷാജി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം,   ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.ജി. ജിയോ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ. ദീപ്തി, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here