ന്യൂ ഡൽഹി: കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കായി യൂറോപ്യൻ ഏജൻസികളുടെ സഹായം തേടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. എട്ടു വിദേശ ഏജൻസികളുടെ പ്രവചനത്തിന്റെ കൃത്യത പഠിച്ച വിദഗ്ധ സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അടക്കം കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് സർക്കാർ തന്നെ പരാതി ഉന്നയിച്ചിരുന്നു. പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സർക്കാർ മറ്റു വഴികൾ ആലോചിക്കുന്നത്. കേരളത്തിൽ അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥ പ്രവചനത്തിൽ കൂടുതൽ കേന്ദ്ര സഹായം തേടിയതായും റവന്യൂ മന്ത്രി പറഞ്ഞു.

കേരളത്തിലെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടെന്ന് സിഎജി അടക്കം കണ്ടെത്തിയിരുന്നു. പ്രാദേശികമായി മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാകാതെ അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളെ തടയാനാവില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അല്പം വൈകിയെങ്കിലും കാര്യക്ഷമമായ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അനിവാര്യത കേരള സർക്കാരും തിരിച്ചറിയുന്നുവെന്നണ് റവന്യൂ മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here