കൊലപാതക പരമ്പരകൾ അരങ്ങേറുന്ന ദുഖകരമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. ആലപ്പുഴയിലാണ് രണ്ട് ജീവനുകൾ കൊലക്കത്തിക്കിരയായത്. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന ബാർബേറിയൻ നയമാണ് രാഷ്ട്രീയ പാർട്ടികൾ എല്ലാ കാലവും പുലർത്തുന്നത്. കൊലപാതക രാഷ്ട്രീയം കേരളത്തെ ദേശീയതലത്തിൽ ഏറെക്കാലം നാണം കെടുത്തിയതായിരുന്നു, അന്നൊക്കെ കണ്ണൂരിലായിരുന്നു കൊലപാതക പരമ്പരകൾ അരങ്ങേറിയിരുന്നത്. ദീർഘകാലത്തെ പരിശ്രമ ഫലമായി കണ്ണൂർ ഏറെക്കുറെ ശാന്തമായി. ഇപ്പോഴിതാ ആലപ്പുഴയിൽ അശാന്തി പടർത്തിക്കൊണ്ട് രണ്ട് പേർ കൊലചെയ്യപ്പെട്ടിരിക്കുന്നു. എസ് ഡി പി ഐ, ബി ജെ പി നേതാക്കളാണ് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടത്. പൈശാചികമായാണ് ഇരുവരും കൊല്ലപ്പെട്ടത്. ആദ്യം എസ് ഡി പി ഐ നേതാവായ ഷാൻ ആണ് കൊല്ലപ്പെട്ടത്. ഇതിന്റെ തിരിച്ചടിയായാണ് ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജിത്ത് സ്വന്തം വീട്ടിൽ വച്ച് കൊലചെയ്യപ്പെട്ടത്.


കൊലപാതകപരമ്പരകൾ തടയാൻ പൊലീസിന് കഴിഞ്ഞില്ല, ഒരു പാർട്ടിനേതാവ് കൊല്ലപ്പെട്ടാൽ തിരിച്ചടിയുണ്ടാവുമെന്ന് ആർക്കും വ്യക്തമായി അറിയാവുന്നതാണ്. എന്നിട്ടുപോലും തിരിച്ചടി തടയാൻ പൊലീസ് നടപടികളൊന്നും എടുക്കാത്തത് അഭ്യന്തര വകുപ്പിന്റെ പരാജയമാണ്. മാസ്‌ക്ക് ധരിക്കാത്തവരെയും  ഹെൽമറ്റ് ധരിക്കാത്തവരെ പൊലീസ് ഓടിച്ചിട്ട് പിടിക്കുന്ന അതേ സംസ്ഥാനത്താണ് ക്രിമനലുകൾ അഴിഞ്ഞാടുന്നതും, പൊലീസിന് ഇവരെ പിടികൂടാൻ പറ്റാത്തതും.


രാഷ്ട്രീയപാർട്ടികൾക്ക് രണ്ട് രക്തസാക്ഷികളുണ്ടായപ്പോൾ രണ്ട് വീട്ടുകാർക്ക് ഉണ്ടായത് വലിയ നഷ്ടമാണ്. അച്ഛൻ നഷ്ടപ്പെട്ടത് നാല് മക്കൾക്കായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും അഭിഭാഷകരാണ് എന്നതും ശ്രദ്ധേയമാണ്. ഏത് ഇസങ്ങളുടെ പേരിലായാലും രാഷ്ട്രീയ വിരോധം കൊലപാതകത്തിലേക്ക് പോവുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്ന് ആരാണ് ഇവരെ പഠിപ്പിക്കുക. ചോരകൊണ്ട് കൈകഴുകുന്ന ഈ രാഷ്ട്രീയം ആർക്കു വേണ്ടിയാണ് ? ഇതൊക്കെ ആരെങ്കിലും പരസ്പരം ചോദിക്കുമോ. ഇല്ല, കാരണം രാഷ്ട്രീയം നിലനിൽക്കുന്നത് ജനക്ഷേമ പ്രവർത്തനത്തിലൂടെയാവണമെന്ന് ജനം ആഗ്രഹിക്കുന്നു. എന്നാൽ സംഭവിക്കുന്നത് ജനതയെ ആകെ ഭീതിയിലാഴ്ത്തുന്ന രീതിയാണ്.

കൊലപാതകം നടത്തുക, പരസ്പരം പഴിചാരുക, ആരോപണവും പ്രത്യാരോപണവും ഉന്നയിച്ചതിന് ശേഷം ഒരുമിച്ചിരുന്ന് സമാധാനം സംരക്ഷിക്കാൻ തീരുമാനിക്കുക.. ഇതാണ് പതിവ് രീതി. ഇരുഭാഗത്തുനിന്നുള്ള കുറേ പ്രവർത്തകർ അറസ്റ്റിലാവും, ഒരു പക്ഷേ, ശിക്ഷിക്കപ്പെടും, അവരൊക്കെ പിന്നീട് ക്രിമിനൽ സംഘമായി പിന്നെയും നാട്ടിൽ അശാന്തി വിതയ്ക്കും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അങ്ങിനെ ചെകുത്താൻമാരുടെ വിളയാട്ടം നടക്കുന്നു.

കെ റെയിലിൽ  പിണറായിക്കൊപ്പം, വി.സി നിയമനത്തിൽ മന്ത്രി ബിന്ദുവിനെ തള്ളിയും കാനത്തിന്റെ ട്രിപ്പീസ് കളി



സി പി ഐ എന്നും ഇങ്ങനെയാണ്, ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവാനുള്ള അവരുടെ മിടുക്ക് ഏവരെയും അത്ഭുതപ്പെടുത്തും.  കരുളായി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഒന്നാം പിണറായി സർക്കാരിനെ വിമർശിച്ച് സി പി ഐ രംഗത്തെത്തിയത് ഇടത് മുന്നണിയിൽ തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഏറ്റവും ഒടുവിലിതാ മന്ത്രി ആർ ബിന്ദുവിനെയാണ് സി പി ഐ തള്ളിപ്പറഞ്ഞിരിക്കുന്നത്. കണ്ണൂർ വി സി നിയമനത്തിൽ ശുപാർശകത്ത് എഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നടപടി ശരിയായില്ലെന്നാണ് കാനം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.


എന്നാൽ കെ റെയിൽ പദ്ധതിയെ വിമർശിച്ചെത്തിയ സ്വന്തം പാർട്ടിക്കാരെ കാനം തള്ളി. കെ റെയിൽ പ്രൊജക്റ്റ് നടപ്പാക്കണമെന്ന നിലപായിൽ പിണറായിക്കൊപ്പമാണ് കാനം.

 കേരളാ പൊലീസിനെ വിമർശിച്ചതിന്റെ പേരിൽ സി പി ഐയുടെ ദേശീയ നേതാവായ ആനിരാജയെയും ദേശീയ സെക്രട്ടറി എ രാജയെയും വിമർശിച്ച കാനം പിണറായിയെ കാണുമ്പോൾ കവാത്ത് മറക്കും.

അങ്ങിനെ പവനായി ശവമായി, ബി ജെ പി യുടെ മുഖ്യമന്ത്രി രാഷ്ട്രീയം വിട്ടു


ബി ജെ പിക്ക് കേരളത്തിൽ അധികാരം കിട്ടിയാൽ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ബഹുമാനപ്പെട്ട വോട്ടർമാർക്കിടയിൽ ഒരു സന്ദേഹമുയർന്നിരുന്നു. കെ സുരേന്ദ്രനാണോ, അതോ ആക്ഷൻ ഹീറോ സുരേഷ് ഗോപിയായിരിക്കുമോ ? എന്നാൽ അത്തരമൊരു സംശയത്തിന് അധികം ആയുസുണ്ടായില്ല. ബി ജെ പി കേരള നേതൃത്വം വലിയ പ്രഖ്യാപനം നടത്തി, മെട്രോമാൻ ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന്, 140 മണ്ഡലങ്ങളിൽ മത്സരിച്ച എൻ ഡി എയ്ക്ക്  40 സീറ്റുകൾ ലഭിച്ചാൽ അധികാരത്തിൽ വരുമെന്നും ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിൽ എന്ത് നടക്കുന്നു എന്നറിയാത്ത പുത്തൻ രാഷ്ട്രീയക്കാരനായിരുന്ന മെട്രോമാൻ ഇതൊക്കെ കേട്ട് പുളകിതനായി. കേരളത്തിൽ അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായി. നിരവധി തുരങ്കപാതകളും, പാലങ്ങളും ദുർഘടങ്ങളായി വഴികളിലൂടെ റെയിൽപാതയുമൊക്കെ പണിത അതിവിദഗ്ധനായ എൻജിനിയറായിരുന്നല്ലോ ഇ ശ്രീധരൻ. 

രാജ്യത്തെ ആദ്യത്തെ മെട്രോയായ ഡൽഹി മെട്രോയുടെ ശില്പിയായതോടെയാണ് ഇ ശ്രീധരൻ മെട്രോ മാനായത്. രാഷ്ട്രീയത്തിന് അപ്പുറം സ്വീകാര്യതയുള്ള മെട്രോമാൻ പാലക്കാട് മത്സരിക്കാൻ ഇറങ്ങുമ്പോൾ വലിയ ആവേശമാണ് ബി ജെ പി ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. ശ്രീധരനെ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിവരെ പാലക്കാട് നേരിട്ടെത്തി അഭ്യർത്ഥിച്ചു. എന്നാൽ വോട്ടെണ്ണിയപ്പോൾ മെട്രോമാൻ തോറ്റു, ഇതുവരെ വിജയം മാത്രം പരീക്ഷിച്ചറിഞ്ഞ ശ്രീധരൻ തോൽവി എന്താണെന്ന് അറിഞ്ഞു. എം എൽ എ ഓഫീസ് തുടങ്ങി, പാലക്കാടിനെ വികസിപ്പിക്കാനായി പുറപ്പെട്ട മെട്രോമാൻ ഒടുവിൽ ആകെ നിരാശനായി. ആറ് മാസത്തിലേറെ സമയമെടുത്തു അദ്ദേഹത്തിന്  ആഘാതത്തിൽ നിന്നും കരകയറാൻ. ഒടുവിൽ മെട്രോമാൻ പ്രഖ്യാപിച്ചു ഞാൻ സജീവ രാഷ്ട്രീയം വിടുന്നു എന്ന്. ബി ജെ പി യിൽ ചേർന്ന് പത്ത് മാസം തികയുന്നതിന് മുൻപാണ് രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ല എന്ന് മെട്രോമാൻ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് കേരളത്തിൽ സീറ്റുകളൊന്നും കിട്ടാതെ പോയതെന്ന് ശ്രീധരൻ പോലും തിരിച്ചറിഞ്ഞിരിക്കുന്നു.

തനിക്ക് പ്രായമായെന്നും അതിനാലാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നതെന്നാണ് മെട്രോമാന്റെ പ്രതികരണം.
മുഖ്യമന്ത്രിയൊന്നും ആയില്ലെങ്കിലും ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറാക്കി അദ്ദേഹത്തെ കൂടെ നിർത്തുമെന്നാണ് ആരാധകരുടെ ഏകെ പ്രതീക്ഷ.


പ്രിയാ വർഗീസിനുവേണ്ടി  സർവ്വകലാശാലാ  ചട്ടങ്ങൾ മാറുമ്പോൾ


നിലവിലുള്ള വ്യവസ്ഥയെ മാറ്റുകയാണ് വിപ്ലവം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യവസ്ഥയെയും വ്യവസ്ഥിതിയെയും മാറ്റി മറിക്കുക. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടക്കുന്നതും അതുപോലൊരു വിപ്ലവമാണ്. അസോസിയേറ്റ് പ്രൊഫസർ പോസ്റ്റിലേക്ക് നിയമിക്കപ്പെടാൻ സർവ്വകലാശാല നിഷ്‌ക്കർഷിക്കുന്ന യോഗ്യതയില്ലാതിരുന്നിട്ടും പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതും അവരെ നിയമിക്കാനായി നീക്കങ്ങൾ നടക്കുന്നതും വിപ്ലവമെന്നല്ലാതെ മറ്റെന്താണ്.
അധിക യോഗ്യതയുള്ളവരെയൊക്കെ പിന്നിലാക്കിയാണ് പ്രിയാ വർഗീസ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

ആരാണ് സാർ പ്രിയാ വർഗീസ് ? കണ്ണൂർ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും  ഇത്രയും ബുദ്ധിമുട്ടി എന്തിനാണ് സാർ പ്രിയാവർഗീസിനെ അസോസിയേറ്റ് പ്രൊഷസറാക്കുന്നത് ?

  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പഴയകാല എസ് എഫ് ഐ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന  കെ കെ രാഗേഷിൻറെ ഭാര്യയാണ്  ഈ പ്രിയ വർഗ്ഗീസ്.  പ്രിയാ വർഗീസിനെ എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തി സർവ്വകലാശാലയിൽ നിയമിക്കാനായി സർവ്വകലാശാലയിൽ വി സിയെ പുർനിയമിക്കാൻ പോലും തയ്യാറായി.
റാങ്ക് ലിസ്റ്റിൽ  രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്‌കറിയെ ആയിരുന്നു.  അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ ജോസഫ് സ്‌കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്‌കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

അക്കാദമിക രംഗത്ത് പ്രിയ വർഗ്ഗീസിൻറെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്‌കറിയ പറഞ്ഞത്.  പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വർഗ്ഗീസിൻറെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിച്ചുവരികയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.  താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട്  സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്‌കറിയ പറയുന്നു.

പ്രിയ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ യൂണിവേഴ്സിറ്റി ഒളിച്ചുകളിക്കുകയാണ്.  പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇൻറർവ്യൂവിൽ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിൻറെ ആനുകൂല്യം ഉദ്യോഗാർത്ഥിക്ക് നൽകിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാൻസിലർ നൽകുന്നത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും വിവാദം ഭയന്നാണ്.

കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇൻറർവ്യൂവിൽ പങ്കെടുത്ത പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ല എന്നാണ് ആരോപണം. എഫ്ഡിപി അഥവാ ഫാക്കൽട്ടി ഡെവലെപ്മെൻറ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി  അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് ഇതുവരെ സർവകലാശാല പറഞ്ഞിട്ടില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇൻറർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചിട്ടും ഇല്ല. ഇനി ഇൻറർവ്യൂ നടത്തിയത് എത്ര തിടുക്കപ്പെട്ടായിരുന്നു എന്നുകൂടി അറിയണം. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 12. പിറ്റേന്ന് തന്നെ അപേക്ഷകരിൽ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂവിൻറെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബർ പതിനെട്ടിന് ഇൻറർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി.

പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ ഒളിച്ചുകളി തുടരുകയാണ് യൂണിവേഴ്സിറ്റി. പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായാണ് ഈ നീണ്ട കാത്തിരിപ്പെന്നാണ് വിസി പറയുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഡിംഗ് കൗൺസലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് ഈ നിയമ ഉപദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  

പ്രിയ വർഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലി നൽകാൻ വിവാദവും ബഹളമൊക്കെ തീരുന്ന ഒരു ശുഭ മുഹൂർത്തം കാത്തിരിക്കുകയാണ്  വൈസ് ചാൻസിലറും കൂട്ടരും.

കൊവിഡിൽ കേരളം മാതൃക !


കൊവിഡ് വ്യാപനം തടയുന്നതിലും, രോഗികളെ ചികില്സിക്കുന്നതിലും കേരളം ലോകത്തിന് മാതൃകയായിരുന്നു എന്നായിരുന്നല്ലോ പറഞ്ഞു കേട്ടിരുന്നത്. അതിന് കുറേ ഗപ്പുകളും കിട്ടി. അവാർഡുകൾ വാങ്ങിക്കൂട്ടിയ ആ കേരള മാതൃക എന്തായിരുന്നു എന്നുള്ള വാർത്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. കൊവിഡിന്റെ മറവിൽ ഉന്നത ആരോഗ്യവകുപ്പ് മേധാവികൾ കൊള്ളവിലയ്ക്ക് വാങ്ങിക്കൂട്ടിയ യന്ത്രങ്ങളുടെ കണക്ക്. കോടികളുടെ തട്ടിപ്പിന്റെ കഥയാണിതിൽ ഒന്നാമത്തേത്. കൊവിഡ് ദേശീയതലത്തിൽ ഗണ്യമായി കുറഞ്ഞപ്പോഴും കേരളത്തിൽ നിന്നും പോവാത്തതും കേരള മാതൃകയായി തുടരുന്നു. ദേശീയ ശരാശരി എടുത്തു പരിശോധിക്കുമ്പോൾ മരണ സംഖ്യയും ഏറെയാണ്. 100 ൽ ഏറെ രോഗികൾ ദിവസവും മരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കൊവിഡ് കാലത്തെ മരണങ്ങൾ പലതും മറച്ചുവച്ചതും പിന്നീട് പുറത്തു വന്നു.

കേരളത്തിൽ എന്തുകൊണ്ടാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ പറ്റാത്തതെന്ന് ആരോഗ്യവകുപ്പിന് ഇന്നും മറുപടിയില്ല. കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ കേരളത്തിൽ റിപ്പോർട്ടു ചെയ്തിരിക്കയാണ്. രോഗബാധിതനായ വ്യകതിയെ സംസ്ഥാനത്ത് എത്തിയപ്പോൾ തന്നെ വ്യക്തമായ കോറന്റൈനിലേക്ക് മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല എന്നത് വലിയ വീഴ്ചയാണ്. രോഗം പടർന്നതിന് ശേഷം നടപടി സ്വീകരിച്ച് മാതൃകയാവുന്നതിലും നല്ലതാണല്ലോ രോഗം തുടക്കത്തിൽ തന്നെ തടയുന്നത്.


കടുവാപ്പേടിയിലായ വയനാട്, കടുവയെ പിടിക്കാനാവാതെ വനം വകുപ്പും


വനാട്ടിലെ അതിർത്ഥി ഗ്രാമമായ പയ്യമ്പള്ളിയിൽ കടുവയിറങ്ങിയിട്ട് ദിവസങ്ങളായി. ഗ്രാമ വാസികൾ ആകെ ഭയത്തിൽ കഴിയുകയാണ്. കടുവായെ പിടിക്കാൻ ആവശ്യമായത് ചെയ്യുമെന്നൊക്കെ വനം വകുപ്പ് എല്ലാ ദിവസവും പറയുന്നതല്ലാതെ കടുവ ഇപ്പോഴും നാട്ടിലൂടെ അലയുകയാണ്.

ഇത് നമ്മുടെ കടുവയല്ലെന്നും നമ്മുടെ കടുവ ഇങ്ങനെയല്ല എന്നുമാണ് വനം വന്യജീവി വകുപ്പ് അധികൃതർ പറയുന്നത്. നിരവധി വളർത്തുമൃഗങ്ങൾ ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നു. കർണാടക വനത്തിൽ നിന്നും വന്നതാണ് കടുവയെന്നാണ് അധികൃതർ ആരോപിക്കുന്നത്.
വനം മന്ത്രി എ കെ ശശീന്ദ്രൻ ചികിൽസയിലായതിനാലാണ് കടുവയെ പിടിക്കാൻ വൈകുന്നതെന്നാണ് പാവം പയ്യമ്പള്ളിക്കാർ കരുതുന്നത്.

ചെന്നിത്തലയുടെ ഏകാംഗ പോരാട്ടം


മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഏകാംഗ പോരാട്ടത്തിലാണ്. ഭരണക്കാരെ ഒടു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലാണ്രേത ഈ ശുദ്ധ ഗാന്ധിയൻ. എന്ത് അനീതി കണ്ടാലും എതിർക്കും, അപ്പോൾ തന്നെ പരാതിയും കൊടുക്കും. ഇത് ഇപ്പോൾ തുടങ്ങിയതല്ല, നേരത്തെ തുടങ്ങിയതാണ്. വ്യക്തമായി പറഞ്ഞാൽ കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് . അന്ന് അദ്ദേഹത്തിനൊരു ചുമതലയുണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ റോളിൽ ആയിരുന്നു എന്ന് ചുരുക്കം. ആറേഴുമാസമായി അതൊക്കെ കഴിഞ്ഞിട്ട്. ഇപ്പോൾ കോൺഗ്രസ് വി ഡി സതീശനെയാണ് ആ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അദ്ദേഹം വലിയ തെറ്റില്ലാതെ അത് നിർവ്വഹിക്കുന്നുമുണ്ട്. എന്നാൽ അതൊന്നും ഞാൻ അറിഞ്ഞില്ലെന്ന മട്ടിലാണ് ചെന്നിത്തലയുടെ പോരാട്ടം.


എന്ത് വിഷയത്തിലും ചെന്നിത്തല ഇടപെടും. മുട്ടിൽ മരം മുറിയിൽ തുടങ്ങി ആർ ബിന്ദുവിന്റെ വിസി നിയമന ശുപാർശ വിവാദം വരെയുള്ള സംഭവങ്ങളിലെല്ലാം ചെന്നിത്തലയും വി ഡി സതീശനും വെവ്വേറെ പോരാട്ടങ്ങളാണ് നടത്തുന്നത്. സൂപ്പർ പ്രതിപക്ഷ നേതാവായി ചെന്നിത്തല പ്രവർത്തിക്കുകയാണ്.

ഇവിടെ ഒന്നും കിട്ടിയില്ല, എന്നോട് ഒന്നും മിണ്ടീല്ല എന്ന പതിവ് കലാ പരിപാടികൾ ഒരു ഭാഗത്തും നടക്കുന്നുണ്ട്.


കെ -റെയിൽ കേരളത്തിന് ബാധ്യതയാവും


കെ – റെയിൽ എന്ന സ്വപ്ന പദ്ധതിയുടെ പിന്നാലെയാണ് കേരളം. എന്തു വിലകൊടുത്തും സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറച്ച നിലപാടിലാണ് കേരള സർക്കാർ. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഏതറ്റംവരെയും പോവാനായി  സി പി എമ്മും തയ്യാറായി കഴിഞ്ഞു. എന്നാൽ കെ – റെയിൽ പദ്ധതി വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടാക്കുമെന്നും, ഒരിക്കലും പ്രായോഗികമല്ലാത്ത പദ്ധതിയാണിതെന്നും തുടക്കത്തിൽ തന്നെ യു ഡി എഫ് ആരോപിച്ചതോടെ പദ്ധതി ഒരു രാഷ്ട്രീയ വിഷയമായി മാറിയിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ കാലത്ത് ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിത്തതോടെ സി പി എം നേതാക്കളെല്ലാം കെ -റെയിലിന്റെ ഗുണഗണങ്ങൾ പാടി നടക്കുകയാണ്.


മെട്രോമാൻ ഇ ശ്രീധരൻ തുടക്കത്തിൽ തന്നെ കെ -റെയിൽ പദ്ധതിയിലൂടെ ഉണ്ടാവുന്ന വൻ നഷ്ടത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നതാണ്. വമ്പിച്ച പാരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന പദ്ധതി വേണ്ടെന്ന് വെക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു പഠനവും നടത്താതെയാണ് കെ -റെയിൽ പദ്ധതി പ്രഖ്യാപിച്ചതെന്നാണ് യു ഡി എഫ് ആരോപിച്ചിരുന്നത്. മുൻ പൊതുമരാമത്ത് മന്ത്രിയും ലീഗ് ഉപനേതാവുമായ ഡോ എം കെ മുനീർ അധ്യക്ഷനായ യു ഡി എഫ് സമിതി നടത്തിയ പഠനത്തിലും പദ്ധതി കേരളത്തിന് വലിയ ബാധ്യതയായി മാറുമെന്ന് കണ്ടെത്തിയിരുന്നു.


നിലവിൽ റോഡ് സൗകര്യം പോലും അപര്യാപ്തമായ സംസ്ഥാനമാണ് കേരളം. അതൊന്നും വിപുലീകരിക്കാതെ, കാസർകോടു നിന്നും നാല് മണിക്കൂർ കൊണ്ട് കാസർകോട് എത്തുമെന്ന് പ്രഖ്യാപിച്ച് സിൽവർ ലൈൻ പദ്ധതി ആരംഭിക്കുന്നത് പ്രത്യേകിച്ച് ആർക്കും ഗുണകരമാവില്ല. മറ്റു റെയിൽവേ ലൈനുമായി കണക്റ്റിവിറ്റിയില്ലാത്തതിനാൽ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് ചരക്കു ഗതാഗതത്തിനുപോലും ഈ റെയിൽ ഉപയോഗിക്കാനാവില്ല. പഠനങ്ങളെല്ലാം കെ റെയിൽ പദ്ധതിക്ക് എതിരാണ്. എന്നാൽ പഠനമല്ല , തീരുമാനമാണ് നടപ്പാക്കേണ്ടതെന്നാണ് സർക്കാർ നിലപാട്.


വാൽകഷണം : 

കേരളത്തിലെ പൊതുമരാമത്ത് മന്ത്രിമാർക്ക് എന്താണ് ജോലിയെന്ന് ഹൈക്കോടതി ചോദിച്ചിരിക്കുന്നു. അരിപ്പാത്രത്തിലും കുക്കറിലും പണം നിറച്ചു വെക്കലാണ് ജോലിയെന്ന് പരസ്യമായ രഹസ്യം. അഴിമതി തുടച്ചു നീക്കാനായതാണ് സർക്കാരിന്റെ നേട്ടമെന്ന് ഉടൻ പ്രസതാവന വരും. ജാഗ്രതൈ…

LEAVE A REPLY

Please enter your comment!
Please enter your name here